ന്യൂഡൽഹി: ടിവി റിയാലിറ്റി ഷോയായ ബിഗ് ബോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി എംഎൽഎ കത്തയച്ചു. ഷോ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും രാജ്യത്തിന്റെ സാമൂഹിക ധാർമ്മികതയെ ബാധിക്കുന്നുവെന്നും എംഎൽഎ നന്ദ് കിഷോർ ഗുർജർ എഴുതിയ കത്തിൽ പറയുന്നു.

ഇന്ത്യൻ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുന്നതാണ് ഷോയെന്നു ഒക്ടോബർ ഒൻപതിനു എഴുതിയ കത്തിൽ എംഎൽഎ പറയുന്നു. ഷോയിലെ ‘ബെഡ് ഫ്രണ്ട്സ് ഫോർ എവർ’ എന്ന ആശയത്തെയും എംഎൽഎ കത്തിൽ വിമർശിച്ചിട്ടുണ്ട്. മുസ്‌ലിം, ബ്രാഹ്മണ സമുദായങ്ങളിൽ നിന്നുള്ള മത്സരാർഥികളെ ബെഡ് പാർട്ണർമാരാക്കി മനഃപൂർവം സാമുദായിക വൈരുധ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നു ഗുർജാർ ആരോപിച്ചു.

ബിഗ് ബോസിന്റെ 13-ാമത് സീസൺ കളേഴ്സ് ചാനലിൽ രാത്രി 10.30 നാണു പ്രക്ഷേപണം ചെയ്യുന്നത്. സെൻസർ ബോർഡ് സിനിമകൾക്കു ചെയ്യുന്നതുപോലെ ടിവി ഷോകൾക്കും സെൻസർഷിപ്പ് വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

വിനോദ പരിപാടികൾക്കെതിരെ രാഷ്ട്രീയ നേതാക്കൾ രംഗത്തുവരുന്നത് ഇതാദ്യമല്ല. അടുത്തിടെ വെബ് സീരീസായ ഫാമിലി മാനെതിരെ ആർഎസ്എസ് രംഗത്തുവന്നിരുന്നു. ഇതിലെ ഒരു കഥാപാത്രം കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് പരാമർശിച്ചതാണ് ഹിന്ദുസംഘടനയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിൽ ഡൽഹി ബിജെപി വക്താവ് താജിന്ദർപാൽ സിങ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അനുരാഗിന്റെ വെബ് സീരീസ് ‘സേക്രഡ് ഗെയിംസ്’ സിഖ് വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook