ശ്രീനഗര്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി ബിജെപി എംഎല്‍എ. തങ്ങളുടെ ജോലിയില്‍ നിയന്ത്രണം വരുത്തിയില്ലെങ്കില്‍ കൊല്ലപ്പെട്ട ഷുജാഅത്ത് ബുഖാരിയുടെ അവസ്ഥ വരുമെന്നാണ് കശ്‌മീരിലെ ബിജെപി എംഎല്‍എയായ ചൗധരി ലാല്‍ സിങ്ങിന്റെ ഭീഷണി. കഴിഞ്ഞ ആഴ്‌ചയായിരുന്നു മാധ്യമപ്രവര്‍ത്തകനായ ഷുജാഅത്ത് ബുഖാരി കൊല്ലപ്പെട്ടത്. കത്തുവ സംഭവത്തില്‍ ആരോപണ വിധേയനായ എംഎല്‍എയാണ് ചൗധരി സിങ്.

കത്തുവ സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു എംഎല്‍എയുടെ ഭീഷണി. കത്തുവ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ മോശം സാഹചര്യം സൃഷ്‌ടിച്ചെന്നും അദ്ദേഹം ആരോപിച്ചു.

”നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കണമെന്നതിനനുസരിച്ച് ഇപ്പോള്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തനത്തെ തിരുത്തണം. ‘നിങ്ങള്‍ക്ക് ഷുജാഅത്ത് ബുഖാരിയെ പോലെ ആകണമോ?” എന്നായിരുന്നു ചൗധരി ലാല്‍ സിങ്ങിന്റെ പ്രസ്‌താവന.

കത്തുവ സംഭവത്തില്‍ പ്രതികളായവര്‍ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത എംഎല്‍എമാരിലൊരാളാണ് ചൗധരി ലാല്‍ സിങ്.

ജമ്മു കശ്‌മീരിലെ പ്രാദേശിക പത്രമായ റൈസിങ് കശ്‌മീരിന്റെ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഷുജാഅത്ത് ബുഖാരി വെടിയേറ്റാണ് കൊല്ലപ്പെട്ടത്. തോക്കുധാരിയായ ഒരാളാണ് വെടിയുതിര്‍ത്തത്. വെടിവയ്‌പില്‍ പരുക്കേറ്റ അദ്ദേഹത്തെ ഉടനെ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ