ഹൈദരാബാദ്: ഹൈദരാബാദ് ഗോഷാമഹല്‍ എംഎല്‍എ ടി.രാജാ സിങ്ങിനെതിരെ ഹൈദരാബാദ് പൊലീസ്. പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എയുടെ തലയിലുണ്ടായ പരുക്കിന് ഉത്തരവാദി എംഎല്‍എ തന്നെ ആണെന്ന് പൊലീസ് പറഞ്ഞു. ബിജെപി എംഎല്‍എ തലയില്‍ മുറിവേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

സ്വാതന്ത്ര്യ സമര സേനാനി റാണി അവന്തി ലോധിന്റെ പ്രതിമ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം ഉണ്ടാകുന്നത്. ജുമറത്ത് ബസാറിലെ റാണി അവന്തിയുടെ പ്രതിമ മാറ്റി സ്ഥാപിക്കാന്‍ കോർപറേഷന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, ബിജെപി എംഎല്‍എ ടി.രാജാ സിങ്ങിന്റെ നേതൃത്വത്തില്‍ പ്രതിമ മാറ്റി സ്ഥാപിക്കാന്‍ ശ്രമം നടക്കുകയായിരുന്നു. ഇത് പൊലീസ് തടഞ്ഞു. പൊലീസിന്റെ ലാത്തി ചാര്‍ജിലാണ് തന്റെ തലയ്ക്ക് പരുക്കേറ്റതെന്ന് രാജാ സിങ് ആരോപിക്കുകയും ചെയ്തു.

രാജാ സിങ്ങിന്റെ ആരോപണങ്ങളെ നിഷേധിച്ചാണ് പൊലീസ് രംഗത്തെത്തിയത്. തലയില്‍ കല്ല് ഉപയോഗിച്ച് എംഎല്‍എ തന്നെ പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നും ക്രമസമാധാന പാലനത്തിന് തടസം സൃഷ്ടിക്കാനാണ് എംഎല്‍എയും അനുയായികളും ശ്രമിച്ചതെന്നും ഡപ്യൂട്ടി കമ്മീഷണര്‍ എ.ആര്‍.ശ്രീനിവാസ് പറയുന്നു. ക്രമസമാധാന പാലനത്തിനായി എത്തിയ പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ബിജെപി എംഎല്‍എ ശ്രമിച്ചു. പൊലീസുകാരെ എംഎല്‍എ ആക്ഷേപിച്ചു. മുന്‍സിപ്പല്‍ കോർപറേഷന്റെ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് പ്രതിമ മാറ്റി സ്ഥാപിക്കാന്‍ ബിജെപി എംഎല്‍എ ശ്രമിച്ചത്. ഇത് തടയുകയാണ് പൊലീസ് ചെയ്തതെന്നും എ.ആര്‍.ശ്രീനിവാസ് പറഞ്ഞു.

റാണി അവന്തിയുടെ കേടുപാടുപറ്റിയ പ്രതിമ മാറ്റി സ്ഥാപിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ടി.രാജാ സിങ് എംഎല്‍എ പറയുന്നു. തനിക്കെതിരെയും സഹപ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു എന്ന് എംഎല്‍എ പറഞ്ഞു. ലാത്തി ചാര്‍ജിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook