തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ആന്ധ്യപ്രദേശിലും ബിജെപിക്ക് തിരിച്ചടി. ബിജെപി എംഎൽഎ പാർട്ടിവിട്ടു. രാജമഹേന്ദ്രവരം എംഎല്‍എ അകുല സത്യനാരായണയാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. എംഎൽഎ സ്ഥാനവും ഇയാൾ രാജിവെച്ചിട്ടുണ്ട്.

നിയമസഭ സ്പീക്കര്‍ കോഡേല ശിവപ്രസാദിനാണ് അകുല സത്യനാരായണന്‍ രാജിക്കത്ത് കൈമാറിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കന്ന ലക്ഷ്മി നാരായണക്ക് അകുല സത്യനാരായണ പാർട്ടി അംഗത്വത്തിൽ നിന്നുള്ള രാജി അറിയിച്ചുകൊണ്ട് കത്ത് നൽകിയത്. എന്നാൽ രജികാരണം എന്താണെന്ന് അകുല സത്യനാരായണൻ വ്യക്തമാക്കിയിട്ടില്ല.

അതേസമയം പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടിയില്‍ ചേരുമെന്ന് അകുല സത്യനാരായണ അറിയിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിൽ പാർട്ടിയ്ക്ക് ആകെയുള്ള നാല് എംഎൽഎമാരിൽ ഒരാളായിരുന്നു അകുല സത്യനാരായണൻ. അദ്ദേഹം കൂടി രാജിവെച്ചതോടെ ആന്ധ്ര നിയമസഭയിൽ ബിജെപി പ്രാധിനിത്യം മൂന്നായി ചുരുങ്ങി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സമാനരീതിയിലുള്ള കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

നേരത്തെ ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവും പാര്‍ട്ടി അംഗത്വം രാജിവച്ചിരുന്നു. മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ ഉദയ് സിങ്ങാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുന്നില്‍ സംസ്ഥാനത്തെ ബിജെപി ഘടകം കീഴടങ്ങുകയാണ് എന്നാരോപിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook