ന്യൂഡല്‍ഹി: യുവതി-യുവാക്കളെ ഒളിച്ചോടി വിവാഹം ചെയ്യാന്‍ സഹായിക്കുമെന്ന് പറഞ്ഞ് വിവാദത്തില്‍ പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു വിവാദ ട്വീറ്റുമായി ബിജെപി നേതാവ് റാം കദം. ബോളിവുഡ് നടി സൊനാലി ബെന്ദ്രെ മരിച്ചെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബിജെപി നേതാവ് സൊനാലി മരിച്ചതായി ട്വീറ്റ് ചെയ്തത്.

അര്‍ബുദ ബാധിതയായി അമേരിക്കയില്‍ ചികിത്സയിലുളള സൊനാലി മരിച്ചെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ അരമണിക്കൂറിന് ശേഷം ട്വീറ്റ് ഡിലീറ്റ് ചെയ്ത് ഇത് വെറും റൂമര്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘സൊനാലിയെ കുറിച്ചുളളത് വെറും റൂമര്‍ മാത്രമാണ്. അവരുടെ രോഗം സുഖമാവട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു’, റാം ട്വീറ്റ് ചെയ്തു.

മെറ്റസ്റ്റാറ്റിക് കാന്‍സറാണ് സൊനാലിയെ ബാധിച്ചിരിക്കുന്നത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് താരം. ഒന്നിലധികം ശരീര ഭാഗങ്ങളിലേക്ക് പടരുന്ന ക്യാന്‍സറാണിത്. ഉദാഹരണത്തിന്, സ്തനാര്‍ബുദം ശ്വാസകോശത്തിലേക്ക് പടരുമ്പോള്‍ അത് മെറ്റലിസ്റ്റിക് ബ്രസ്റ്റ് കാന്‍സര്‍ എന്ന പേരില്‍ അറിയപ്പെടും. സ്റ്റേജ് 4 വിഭാഗം കാന്‍സര്‍ ആയിട്ടാണ് വൈദ്യശാസ്ത്രം ഈ രോഗത്തെ കാണുന്നത്. ഒരു ഭാഗത്തുനിന്നും തൊട്ടടുത്ത ശരീരകോശം, അവയവം എന്നിങ്ങനെ അര്‍ബുദം പടര്‍ന്നുപിടിക്കുന്ന സാഹചര്യം.

ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്ന് സൊനാലി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും താന്‍ വളരെ അനുഗ്രഹീതയും അവരോടോരോരുത്തരോടും കടപ്പെട്ടിരിക്കുകയും ചെയ്യുന്നുവെന്നും സൊനാലി പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും ഇനിയുള്ള ഓരോ ചുവടുവയ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചതെന്നും സൊനാലി കൂട്ടിച്ചേര്‍ത്തു. ഈ യുദ്ധത്തില്‍ പോരാട്ടത്തിലേര്‍പ്പെട്ട താന്‍ ശുഭാപ്തി വിശ്വാസത്തിലാണെന്നും സൊനാലി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ