ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിലെ കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിനും മറ്റ് 10 പേര്‍ക്കുമെതിരെ സിബിഐ കേസെടുത്തു. അപകടം സൃഷ്ടിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നതിന്റെ പേരിലാണ് സിബിഐ കേസ് എടുത്തത്. ബലാത്സംഗക്കേസില്‍ നേരത്തെ സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട കുല്‍ദീപ് സിങ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13 മുതല്‍ ജയിലിലാണ്.
ഞായറാഴ്ചയാണ് റായ്ബറേലിയില്‍ വച്ച് പരാതിക്കാരിയായ പെണ്‍കുട്ടിക്ക് അപകടമുണ്ടായത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുല്‍ദീപിനെതിരായ ലൈംഗികാക്രമണക്കേസില്‍ സാക്ഷിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
Read More: ‘എപ്പഴേ പുറത്താക്കി’; കുൽദീപ് എംഎൽഎയെ നേരത്തെ പുറത്താക്കിയതാണെന്ന് ബിജെപി
റായ്ബറേലിയില്‍ വച്ച് പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയേയും അഭിഭാഷകനേയും ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായ്ബറേലിയിലെ ജയിലിലുള്ള ബന്ധുവായ മഹേഷ് സിങ്ങിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.
പെൺകുട്ടിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ വീഴ്ച സംഭവിച്ചു എന്നാരോപിച്ച് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാരിന് നേരെ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. സിബിഐ അപകടം നടന്ന സ്ഥലം സന്ദർശിക്കുകയും റായ്ബറേലിയിലെ രുബക്ഷ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്ന് കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
അപകടത്തിന് പിന്നിൽ ‘ഗൂഢാലോചന’യുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചതിനെ തുടർന്ന് തിങ്കളാഴ്ച യുപി പൊലീസ് സെന്‍ഗറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ കൊലപാതക കേസ് ഫയൽ ചെയ്തിരുന്നു.
ബിജെപി എംഎല്‍എയാണ് കുല്‍ദീപ് സെന്‍ഗര്‍. 2017 ല്‍ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംഎല്‍എയ്‌ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു. കേസില്‍ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു.
അതിനിടെ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കി പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും ജയിലിലടക്കുമെന്ന് കുൽദീപ് സെനഗർ അടക്കം ഭീഷണിപ്പെടുത്തിയിരുന്നതായി ചൂണ്ടിക്കാട്ടി പരാതിക്കാരിയായ പെണ്‍കുട്ടി ജൂലൈ 12 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കത്ത് അയച്ചിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. ബിജെപി എംഎല്‍എയും മറ്റ് ചിലരും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കേസ് പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറയുന്നുണ്ട്.