അഹമ്മദാബാദ്: തന്നെ തൊഴിച്ച ബിജെപി എംഎല്‍എയുടെ കയ്യില്‍ യുവതി രാഖി കെട്ടിക്കൊടുത്തു. അഹമ്മദാബാദിലാണ് സംഭവം. ജലക്ഷാമത്തിന് പരാതി നല്‍കാനെത്തിയ വനിതാ വാര്‍ഡ് മെമ്പറെ ബിജെപി എംഎല്‍എ ബല്‍റാം തവാനി കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എക്കെതിരെ ജനരോഷം കനത്തിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസമായ ഇന്ന് താന്‍ മര്‍ദിച്ച യുവതിക്കൊപ്പം എംഎല്‍എ മാധ്യമങ്ങളെ കണ്ടു. പ്രശ്‌നം പറഞ്ഞ് പരിഹരിക്കുകയും യുവതി എംഎല്‍എക്ക് മധുരം നല്‍കുകയും ചെയ്തു. മാത്രമല്ല, യുവതി എംഎല്‍എയുടെ കൈകളില്‍ രാഖി കെട്ടികൊടുത്ത് സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. നരോദ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ബൽറാം തവാനി.

യുവതിയോട് എംഎല്‍എ മാപ്പ് പറഞ്ഞിട്ടുണ്ട്. ബിജെപി നേതൃത്വം ബല്‍റാം തവാനിയോട് നേരത്തെ വിശദീകരണം ചോദിക്കുകയും പൊതുമധ്യത്തില്‍ വച്ച് യുവതിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഞായറാഴ്ചയാണ് ജലക്ഷാമത്തിന് പരാതി നല്‍കാന്‍ എത്തിയ വാര്‍ഡ് മെമ്പറെ ബിജെപി എംഎല്‍എ തൊഴിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രദേശത്ത് ജലക്ഷാമമുണ്ടെന്ന പരാതിയുമായി എന്‍സിപി അംഗമായ വനിതാ വാര്‍ഡ് മെമ്പര്‍ നിതു തേജ്വിനി, എംഎല്‍എ ബല്‍റാം തവാനിയുടെ ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതിക്ക് മര്‍ദനമേറ്റത്. ക്ഷുഭിതനായ എംഎല്‍എ യുവതിയെ ഓഫീസിന് പുറത്ത് വച്ച് മര്‍ദിച്ചു. തടയാന്‍ എത്തിയ യുവതിയുടെ ഭര്‍ത്താവിനെയും എംഎല്‍എയും അനുയായികളും ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു. അടി കൊണ്ട് നിലത്ത് വീണ യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ ഇവരെ ചവിട്ടി വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook