ജയ്‌പൂർ: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ രാജസ്ഥാനിൽ രാജ്യസഭ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ബിജെപിയിൽ പ്രതിഷേഘം. അൽഫോൺസ് കണ്ണന്താനത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന് പരസ്യമായി പറഞ്ഞ് ബിജെപി മന്ത്രി രംഗത്തെത്തി.

സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ഘനശ്യാം തിവാരിയാണ് അൽഫോൺസ് കണ്ണന്താനത്തെ സ്ഥാനാർത്ഥിയാക്കിയതിനെ എതിർത്ത് രംഗത്ത് വന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ രാജസ്ഥാനിൽ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഘനശ്യാം തിവാരി പറഞ്ഞു.

“അൽഫോൺസ് കണ്ണന്താനത്തെ പോലുള്ളവർ സ്വന്തം നാട്ടിൽ മത്സരിച്ചാൽ അൽഫോൺസ് കണ്ണന്താനത്തെ പോലുള്ളവർക്ക് ഒരു എംഎൽഎ എന്നല്ല വാർഡ് കൗൺസിലർ പോലുമാകാൻ സാധിക്കില്ല”, ഘനശ്യാം തിവാരി പരിഹാസ സ്വരത്തിൽ പറഞ്ഞു.

രാജ്യസഭാംഗമായിരുന്ന വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജസ്ഥാനിൽ സീറ്റ് ഒഴിവ് വന്നത്. ഈ സീറ്റിൽ അൽഫോൺസ് കണ്ണന്താനത്തെ മത്സരിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ