ന്യൂഡൽഹി: കോവിഡ് മുക്‌തനായ ബിജെപി എംഎൽഎയുടെ ഡാൻസ് സാമൂഹ്യമാധ്യമങ്ങളിൽ വെെറലാകുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗുജറാത്തിലെ വഹോദിയ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയുടെ നൃത്തം.

ക്ഷേത്രത്തിനുള്ളിലാണ് ബിജെപി എംഎൽഎയായ മധു ശ്രീവാസ്‌തവ മാസ്‌ക് പോലും ധരിക്കാതെ നൃത്തം ചെയ്യുന്നത്. എംഎൽഎയെ കൂടാതെ നിരവധി പേർ ക്ഷേത്രത്തിനുള്ളിൽ ഉണ്ട്. പൂജാരി അടക്കം ആരും മാസ്‌ക് ധരിച്ചിട്ടില്ല. ഒരിക്കൽ കോവിഡ് മുക്തനായ എംഎൽഎ യാതൊരു മുൻകരുതലും ഇല്ലാതെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിനെ സോഷ്യൽ മീഡിയയിൽ നിരവധി പേർ വിമർശിച്ചിട്ടുണ്ട്.

Read Also: എന്തൊരു സുന്ദരൻ; പ്രിയതമനെ കുറിച്ച് സാക്ഷി

ഹനുമാൻ സ്വാമിക്ക് ആദരമർപ്പിച്ച് എല്ലാ ശനിയാഴ്‌ചകളിലും നടക്കാറുള്ള ചടങ്ങാണിതെന്ന് എംഎൽഎ പറയുന്നു. താൻ സ്ഥിരമായി ചെയ്യാറുള്ള കാര്യമാണിതെന്നും ഇതിൽ തെറ്റായി ഒന്നുമില്ലെന്നും എംഎൽഎ ന്യായീകരിക്കുന്നു. എംഎൽഎയ്‌ക്കൊപ്പം അനുയായികളും നൃത്തം ചെയ്യുന്നുണ്ട്.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്നുള്ള എംഎൽഎയുടെ വീഡിയോ ഏറെ വിവാദമായതാണ്. “ഞാൻ ബാഹുബലിയാണ്. കൊറോണ വെെറസിനെ ഞാൻ കീഴടക്കും. കൊറോണ വെെറസ് എന്നൊരു സാധനം ലോകത്തില്ല. കൊറോണയെ ഞാൻ ഇപ്പോൾ തന്നെ പകുതി കീഴടക്കി, ബാക്കി കൂടി കീഴടക്കും. ഞാൻ തിരിച്ചുവരും” ഇങ്ങനെ പറഞ്ഞായിരുന്നു ആശുപത്രിയിൽ നിന്നുള്ള വീഡിയോ എംഎൽഎ നേരത്തെ പങ്കുവച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook