ന്യൂഡല്‍ഹി: ആം ആദ്മി നേതാവായ മുസ്‌ലിം എംഎല്‍എയെ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ. ആംആദ്മി നേതാവായ അമാനത്തുള്ള ഖാനെയാണ് എംഎല്‍എയായ ഒ.പി.ശർമ്മ തീവ്രവാദിയെന്ന് വിളിച്ചത്. നാളുകളായി തുടരുന്ന സർക്കാർ-ഐഎഎസ് ഉദ്യോഗസ്ഥ ഭിന്നതയെ ചൊല്ലിയുള്ള ചർച്ചയ്ക്കിടെയായിരുന്നു എംഎല്‍എയുടെ വിദ്വേഷ പ്രസ്താവന.

‘തെറ്റായി എന്തെങ്കിലും ചെയ്താല്‍ തീവ്രവാദികളെപ്പോലെ നിങ്ങളും ജയിലില്‍ പോകും. എന്തിനാണ് നിങ്ങള്‍ വിവരക്കേട് പുലമ്പുന്നത്. തീവ്രവാദികളെപ്പോലെ സംസാരിക്കുന്നത് എന്തിനാണ്. മനുഷ്യരെപ്പോലെ സംസാരിക്കൂ. തീവ്രവാദികളെപ്പോലെയല്ല‘, എന്നായിരുന്നു ശർമ്മയുടെ പ്രതികരണം.

ശര്‍മ്മയുടെ പ്രസ്താവനയ്‌ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിങ്ങളോടുള്ള ബിജെപിയുടെ മനോഭാവമാണ് എംഎല്‍എയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നായിരുന്നു കേജ്‌രിവാളിന്‍റെ പ്രതികരണം.

‘ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും പേരില്‍ രാജ്യം വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുക എന്നതാണ് അവരുടെ നയം.’ കേജ്‌രിവാള്‍ പറഞ്ഞു. മുസ്‌ലിങ്ങളെല്ലാം തീവ്രവാദികളാണെന്നാണ് ബിജെപി കരുതുന്നതെന്നായിരുന്നു അംനാഥുള്ള ഖാന്റെ പ്രതികരണമെന്നും രാജ്യത്തെ കലുഷിതമാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിങ്ങളെ തീവ്രവാദിയാക്കി മുദ്രകുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ