ലക്‌നൗ: താജ്‌മഹലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. താജ്‌മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യമായി ബിജെപി എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്ങാണ് പേര് മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

താജ്‌മഹലിന് ഇന്ത്യന്‍ സ്വത്വം ലഭിക്കണമെങ്കില്‍ രാം മഹലെന്നോ കൃഷ്‌ണ മഹലെന്നോ പേരു മാറ്റണമെന്നാണ് ബിജെപിയുടെ എംഎല്‍എ പറയുന്നത്. ഉത്തര്‍പ്രദേശിലെ ബൈരിയയില്‍നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. കഴിഞ്ഞ ദിവസം ബല്ലിയയിൽ നടന്ന പൊതുചടങ്ങില്‍ സംസാരിക്കവെയും സുരേന്ദ്ര സിങ് പേര് മാറ്റലിനെ കുറിച്ച് സംസാരിച്ചിരുന്നു.

”ഈ വിഷയം പരിഗണിക്കാന്‍ ഞാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തെഴുതും. മുഗള്‍സാരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ എന്ന് മാറ്റിയതില്‍ അദ്ദേഹത്തിനു നന്ദിപറയുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്‌ദുള്‍ കലാമിന്റേതടക്കമുള്ള പേരുകള്‍ ആര്‍ക്കും നിര്‍ദേശിക്കാം. എനിക്കതില്‍ എതിര്‍പ്പില്ല,” സിങ് പറയുന്നു.

സ്ഥലങ്ങളുടെയോ കെട്ടിടങ്ങളുടെയോ റോഡുകളുടെയോ പേരുകള്‍ ഇന്ത്യന്‍ ആയിരിക്കണം. ഇത്തരം സ്ഥലങ്ങള്‍ക്കു പേരുകള്‍ നല്‍കിയ രാജാക്കന്മാര്‍ ജനങ്ങളുടെ ആത്മാഭിമാനത്തിനു വിലകൽപിച്ചിരുന്നില്ലെന്നും രാജ്യത്തിന്റെ സാമൂഹിക, ജനാധിപത്യ സംവിധാനത്തിനു വര്‍ഷങ്ങളോളം സംഭാവനകള്‍ നല്‍കിയവരുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപിക്കുന്നതാണിതെന്നും അദ്ദേഹം പറയുന്നു.

താജ്‌മഹലിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ സുരക്ഷാകവാടം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ചൊവ്വാഴ്‌ച തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്ര സിങിന്റെ പ്രസ്‌താവന. താജ്‌മഹല്‍ കൂടാതെ, ലക്‌നൗവിലെ അക്ബറി ഗേറ്റ്, ചന്ദൗലിയിലെ മുഗള്‍സാരായ് ടെഹ്‌സില്‍ എന്നിവയുടെ പേരുകളും അതിന് അധികാരപ്പെട്ട സ്ഥലത്തു താനെത്തിയാല്‍ 15 മാസത്തിനകം മാറ്റുമെന്നും സിങ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ