മുംബൈ: പാര്‍ട്ടിയില്‍ കുറ്റവാളികള്‍ പെരുകുന്നുവെന്ന് പറഞ്ഞ് ബിജെപി എംഎല്‍എ അനില്‍ ഗോട്ടെ, എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ രാജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മഹാരാഷ്ട്രയിലെ ധൂലെ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ഗോട്ടെ. കഴിഞ്ഞമാസം സംസ്ഥാന നിയമസഭയിലെ അംഗമായ മറ്റൊരു ബിജെപി നേതാവും രാജിവച്ചിരുന്നു. എന്‍സിപിയില്‍ നിന്നും ചില നേതാക്കള്‍ക്ക് ബിജെപിയില്‍ അംഗത്വം നല്‍കിയതിനെ ഗോട്ടെ എതിര്‍ത്തിരുന്നു.
‘നവംബര്‍ 19ന് ആരംഭിക്കുന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുകയും പാര്‍ട്ടി ഉപേക്ഷിക്കുകയും ചെയ്യും,’ അനില്‍ ഗോട്ടെ പറഞ്ഞു.
പാര്‍ട്ടിയില്‍ പുതുതായി ചേര്‍ന്ന അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അവര്‍ ധൂലെ നഗരത്തെ അഴിമതി കൊണ്ട് നശിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കൂടാതെ അടുത്ത മാസം ധൂലെ സിവില്‍ ബോഡി മേയര്‍ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും അനില്‍ ഗോട്ടെ വ്യക്തമാക്കി.
2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ഗോട്ടെ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. അബ്ദുല്‍ കരീം ടെല്‍ഗി ഉള്‍പ്പെടുന്ന വ്യാജ സ്റ്റാമ്പ് പേപ്പര്‍ കുംഭകോണ കേസില്‍ നേരത്തേ അറസ്റ്റിലായ ഗോട്ടെ ഇപ്പോള്‍ ജാമ്യത്തിലാണ്.
കഴിഞ്ഞ മാസം, ബിജെപി എംഎല്‍എ ആയ ആശിഷ് ദേശ്മുഖ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവച്ചിരുന്നു. നാഗ്പൂര്‍ ജില്ലയിലെ കട്ടോള്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്ന ദേശ്മുഖ് വിദര്‍ഭ വിഭജനത്തെ അനുകൂലിച്ച ശക്തരില്‍ ഒരാളായിരുന്നു.