ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ താനുൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ച ഡല്‍ഹി പൊലീസ്‌ നടപടിയിൽ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരം അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

ഡൽഹി പൊലീസ് കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കീഴിലാണെന്ന് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു: “ഡൽഹി പൊലീസിന്റെ നിയമവിരുദ്ധവുമായ നടപടികൾ ബിജെപിയുടെ ഉന്നത നേതൃത്വത്തിന്റെ രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സമാധാനപരമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിടാൻ ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്നു.”

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പാർലമെന്റിലെ ചോദ്യങ്ങളെ മാത്രമല്ല, പത്രസമ്മേളനങ്ങൾ നടത്താനും വിവരാവകാശ നിയമത്തിന് മറുപടി നൽകാനും ഭയപ്പെടുന്നു. സ്വകാര്യ ഫണ്ടിനെ കുറിച്ച് വിവരാവകാശ നിയമങ്ങള്‍ക്ക് മറുപടി നല്‍കാനോ സ്വന്തം ബിരുദം കാണിക്കാനോ പോലും സാധിക്കുന്നില്ല. അധികാരം ദുരുപയോഗം ചെയ്യുന്നതിലൂടെ രാഷ്ട്രീയ എതിര്‍പ്പിനെ നിശബ്ദമാക്കാന് കഴിയുമെന്നാണ് അവര്‍ കരുതുന്നത്. അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങള്‍. ഇതും ഞങ്ങള്‍ പരാജയപ്പെടുത്തും,” സീതാരം യെച്ചൂരി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

Read More: ഡൽഹി കലാപം: ഗൂഢാലോചനയിൽ സീതാറാം യെച്ചൂരിയടക്കമുള്ളവർ പങ്കാളികളെന്ന് പൊലീസിന്റെ കുറ്റപത്രം

ബിജെപിയുടെ ഭീഷണി സിഎഎ പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് ആളുകളെ തടയാനാകില്ല. മതം, ജാതി, നിറം, പ്രദേശം, ലിംഗം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല കടമ കൂടിയാണ്. ഞങ്ങളത് ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.

സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് എന്നിവരെ സഹ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook