മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസ്. നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുള്ള ട്വീറ്റിലാണ് ഈ വിശേഷണം. അമൃതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 69-ാം ജന്മദിനം ആഘോഷിച്ചത്. ജന്മദിനാശംസകള്‍ നേര്‍ന്നുള്ള ട്വീറ്റില്‍ നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പിതാവെന്നാണ് അമൃത വിശേഷിപ്പിച്ചിരിക്കുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണം. ഗാന്ധിജിയെ അറിയുമോയെന്നും അദ്ദേഹമാണ് രാഷ്ട്രപിതാവെന്നും നിരവധി പേര്‍ അമൃതയെ ഓര്‍മിപ്പിച്ചു. നരേന്ദ്ര മോദി എപ്പോഴാണ് രാജ്യത്തിന്റെ പിതാവ് ആയതെന്ന് പലരും അമൃതയുടെ ട്വീറ്റിന് താഴെ ചോദിക്കുന്നുണ്ട്.

Read Also: അവിസ്മരണീയ നിമിഷങ്ങള്‍; പഴയ ചിത്രങ്ങള്‍ പങ്കുവച്ച് നരേന്ദ്ര മോദി

“സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിരന്തരം പരിശ്രമിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍ നേരുന്നു” അമൃത ഫട്‌നാവിസ് ട്വിറ്ററില്‍ കുറിച്ചു. ഇതിലെ ‘രാജ്യത്തിന്റെ പിതാവ്’ എന്ന വിശേഷമാണ് വിവാദമായത്. ചിലര്‍ അമൃതയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ രാജ്യത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കുന്നത് സ്വാഭാവികമാണെന്ന തരത്തിലും പ്രതികരിച്ചവരുണ്ട്.

ഇന്നലെയായിരുന്നു നരേന്ദ്ര മോദി ജന്മദിനം ആഘോഷിച്ചത്. നിരവധി പേരാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നത്. ജന്മദിനാശംസകൾ നേർന്നവർക്ക് നരേന്ദ്ര മോദിയും നന്ദി പറഞ്ഞു.

നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാനുള്ള സേവാ സപ്താഹ് (സേവനവാരം) ഓഗസ്റ്റ് 14 ന് തുടക്കമായിരുന്നു. ബിജെപിയാണ് സേവാ സപ്താഹിന് രൂപം നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook