ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വമ്പന്‍ വിജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ബിജെപി മോദിയെ വിപണനം ചെയ്ത് വോട്ട് നേടുകയായിരുന്നു എന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പ്രസ്താവന.

‘ഈ ഘട്ടത്തില്‍ എന്തെങ്കിലും വിലയിരുത്തല്‍ നടത്തുക എന്നത് തീര്‍ത്തും ഊഹമായിരിക്കും. പക്ഷെ ഒരു ഘടകം മാത്രം പറയാനാകും. അവര്‍ നേരത്തേ തീരുമാനിച്ചിരുന്നു അവരുടെ ‘ഉത്പന്നം’ മോദി ആണെന്ന്. അദ്ദേഹത്തെ അവര്‍ നന്നായി വിപണനം ചെയ്യുകയും ചെയ്തു. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും അസാധാരണമായ ഒരു വ്യക്തിത്വ സംസ്‌കാരത്തെ അവര്‍ കെട്ടിപ്പടുത്തു. ഇതിനായി അവര്‍ നവമാധ്യമ പോരാളികളെ ഉപയോഗിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍, സര്‍വ്വവ്യാപിയായ ക്യാമറാമാന്‍, 24 മണിക്കൂറും പ്രചാരണം നല്‍കുന്നതിനായുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു,’ തരൂര്‍ പറഞ്ഞു.

Read More: ‘നേതാവ് മോദി തന്നെ’; സത്യപ്രതിജ്ഞ 30 ന് നടന്നേക്കും

അവരുടെ മുന്‍നിര പദ്ധതികളെ വിപണനം ചെയ്യുന്നതിലും ബിജെപി വിജയം കണ്ടുവെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതികളുടെ തെറ്റായ വിതരണത്തിന്റെ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വ്യക്തമാക്കി കൊടുക്കുന്ന വിധത്തില്‍ നമ്മള്‍ ഒരു മികച്ച പ്രകടനം കാഴ്ചവക്കേണ്ടിയിരുന്നു. മറ്റൊരു പ്രശ്‌നം, ഒരു വോട്ടറുടെ ഉള്ളില്‍ ദേശീയ സുരക്ഷയെ കുറിച്ചുള്ള ഉത്കണ്ഠ നമ്മള്‍ കുറച്ചു കണ്ടിട്ടുണ്ടാകാം എന്നതാണ്. ഇത് ദക്ഷിണേന്ത്യയെക്കാള്‍ വടക്കേ ഇന്ത്യയില്‍ സത്യമായ കാര്യമാണെന്നും തരൂര്‍ പറഞ്ഞു.

കേരളമാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന ചോദ്യത്തോട് അതൊരിക്കലും സംഭവിക്കില്ല എന്നായിരുന്നു തരൂരിന്റെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് നിരവധി ആള്‍ബലവും സാമ്പത്തിക സ്രോതസുകളും ഉണ്ടായിരുന്നെങ്കിലും വോട്ടുവിഹിതത്തില്‍ കാര്യമായ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ലെന്നും തരൂര്‍ പറയുന്നു.

ബിജെപി സംസ്ഥാനത്തിന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യത്തെ മറികടക്കാനാണ് ശ്രമിക്കുന്നത്. അടിസ്ഥാനപരമായി തങ്ങളുടെ സ്വന്തം സുരക്ഷയും സമൃദ്ധിയും ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യയിലെ മറ്റേതൊരു ഇടത്തെക്കാള്‍ ഉറപ്പ് കേരളീയര്‍ നല്‍കുന്നുണ്ടെന്നും ശശി തരൂര്‍ പറയുന്നു.

Read More: വട്ടിയൂർക്കാവ് പിടിക്കാൻ കുമ്മനം കളത്തിലിറങ്ങുമോ? അനന്തപുരയിലെ കണക്കുകൾ ഇങ്ങനെ

ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. അതേസമയം മുന്‍കാലങ്ങളിലെ പോലെ ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിച്ചില്ല.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ മത്സരമായിരുന്നു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേത്. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് എന്നായിരുന്നു വിലയിരുത്തലുകള്‍. എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് മണ്ഡലത്തിലെ വോട്ട് കണക്കുകള്‍. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 2014 ആവര്‍ത്തിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഐയുടെ സി.ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 99,983 വോട്ടുകളുടെ ഭൂരിപക്ഷവുമായി വിജയിച്ചു കയറി. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട്, ശശി തരൂര്‍ ലീഡ് പിടിച്ചെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook