ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ‘മുസ്ലിം പാര്‍ട്ടി’ ആണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനത്തിന്റെ ഉദ്ദേശം പോലും ഇത്തരത്തില്‍ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും സോണിയ കുറ്റപ്പെടുത്തി.

‘മസ്തിഷ്ക പ്രക്ഷാളനം നടത്തി ജനങ്ങളെ അത്തരത്തില്‍ ബോധിപ്പിച്ചുവെന്ന് പറയുന്നത് തെറ്റാണ്. പക്ഷെ, ഇത്തരത്തില്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. നമ്മുടെ പാര്‍ട്ടിയില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. മുസ്ലിംങ്ങളും ഉണ്ടെന്ന് വസ്തുതയാണ്. എന്നിട്ടും എന്തിനാണ് മുസ്ലിം പാര്‍ട്ടിയെന്ന കെട്ടിച്ചമക്കല്‍ എന്ന് മനസ്സിലാകുന്നില്ല’, സോണിയ പറഞ്ഞു.

മുന്‍ സര്‍ക്കാരുകള്‍ ഇന്ത്യയിലൊന്നും ചെയ്തിട്ടില്ലെന്ന് പറയുന്ന ബിജെപി ഇന്ത്യയിലെ ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കുകയാണെന്നും സോണിയ പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു സോണിയ.

‘മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് ഇന്ത്യയില്‍ തമോഗര്‍ത്തമായിരുന്നുവോ എന്നും സോണിയ ആഞ്ഞടിച്ചു. ‘ 2014 മെയ് 16 ന് മുമ്പ് ഇവിടെ ഒന്നുമില്ലായിരുന്നുവോ? ഇവിടെയെന്താ തമോഗര്‍ത്തമായിരുന്നോ? ബിജെപിയുടെ ഈ വാദം ഇന്ത്യക്കാരുടെ ബുദ്ധികൂര്‍മ്മതയെ പരിഹസിക്കുന്നതല്ലേ?’ എന്നായിരുന്നു സോണിയ പറഞ്ഞത്.

ഇന്ത്യയ്ക്ക് വേണ്ടി കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്തിരുന്നു എന്ന് പറയാന്‍ വേണ്ടിയല്ല താനിത് പറയുന്നതെന്നും കഴിഞ്ഞ ദശാബ്ദകാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും ഇന്ത്യ നടത്തിയ കഠിനാധ്വാനവും മറക്കരുതെന്നും തിരിച്ചറിയണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ തകര്‍ന്നെന്നും ഭരണഘടനയെ മാറ്റിമറിച്ച സംഭവങ്ങളൊന്നും യാദൃശ്ചികമല്ലെന്നും സോണിയ പറഞ്ഞു. എല്ലാം ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞ സോണിയ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ ബിജെപി ധ്രുവീകരിക്കുകയാണെന്നും ആരോപിച്ചു.

2004 ല്‍ തങ്ങളുടെ വിജയത്തിന് കാരണമായ ഷൈനിങ് ഇന്ത്യയുടെ അതേ ഗതിയായിരിക്കും ബിജെപി സര്‍ക്കാരിന്റെ അച്ഛേ ദിന്നിനും സംഭവിക്കുകയെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് കൂറേ കൂടി നല്ല രീതിയില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നുവെന്നും തങ്ങളുടെ അഭിപ്രായത്തെ അദ്ദേഹം മാനിച്ചിരുന്നതായും സോണിയ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ