ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറാമതും ഭരണം ഉറപ്പിച്ച ബിജെപിക്ക് ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത് എന്നതില്‍ സംശയമൊന്നുമില്ല. 2012നെ അപേക്ഷിച്ച് സീറ്റ് നില കുറഞ്ഞപ്പോള്‍ ഗുജറാത്തില്‍ ഇനിയൊരു തവണത്തെ തിരഞ്ഞെടുപ്പ് കൂടി ബിജെപി അതിജീവിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഗുജറാത്തില്‍ ബിജെപിയുടെ മാജിക് ഫലിക്കാതെ പോയ ഒരു സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ വാദ്നഗറിലാണ്. മെഹ്സാനയിലെ വാദ്നഗറിനെ ഖെരാലു, ഉഞ്ജ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളായാണ് തിരിച്ചിരിക്കുന്നത്. 49,241 വോട്ടുകളോടെ ഖെരാലുവില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍ ജി ദാബി വിജയിച്ചപ്പോള്‍ ഉഞ്ജ മണ്ഡലം ബിജെപിക്ക് കൈവിട്ടു. അഞ്ച് തവണ മണ്ഡലത്തില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ലല്ലുദാസ് പട്ടേല്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദ്വാരക്ദാസ് പട്ടേലിനോട് പരാജയപ്പെട്ടു. 74,438 വോട്ടുകളാണ് പട്ടേല്‍ നേടിയത്.

1995 മുതല്‍ ബിജെപി ഭരിച്ചിരുന്ന ഉഞ്ജയാണ് ഇത്തവണ കോണ്‍ഗ്രസ് നേടിയത്. വദ്നഗറിലെ കാര്‍ഷികപ്രശ്നങ്ങള്‍ പരിഹാരം കാണാനാവാത്തതാണ് വദ്നഗറില്‍ ബിജെപിക്ക് തിരിച്ചടിയായത്. പരിമിതമായ സാഹചര്യത്തിലാണ് മോദിയുടെ ജന്മനാട്ടിലെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മനാടാണ് ഇതെന്ന് സ്കൂളുകള്‍ കണ്ടാല്‍ പറയുമോ എന്ന് പരിഭവം പറയുന്നവര്‍ ഏറെയുണ്ട് വാദ്നഗറില്‍.

വാദ്നഗറിലെ തൊഴിലില്ലായ്മ കാരണം മറ്റ് നഗരങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്ന യുവാക്കളുടെ അവസ്ഥയിലും നാട്ടുകാര്‍ അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്. പ്രദേശത്തെ കര്‍ഷകരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണാതെ മറ്റ് നടപടികളിലേക്ക് നീങ്ങില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതും ബിജെപിക്ക് മോദിയുടെ ജന്മനാട്ടില്‍ തിരിച്ചടിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook