ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനം സ്വത്വ രാഷ്ട്രീയം പറയുന്ന ചെറിയ പാര്‍ട്ടികളേയും ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്തി അധികാരം നേടാന്‍ സാധ്യതയുള്ള ഡിഎംകെയേയും ഒരു പരിധി വരെ ബാധിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഒരേസ്വരത്തില്‍ പറയുമ്പോള്‍, ബിജെപിയുമായുള്ള രജനീകാന്തിന്‍റെ അടുപ്പമാണ് പലരേയും ആശയക്കുഴപ്പത്തിലാക്കുന്നത്.

രജനീകാന്ത് രാഷ്ട്രീയപ്രവേശന പ്രഖ്യാപനം നടത്തിയതിനു മിനിറ്റുകള്‍ക്കകം തന്നെ അതിനെക്കുറിച്ചു ആദ്യ പ്രതികരണവുമായി വന്നത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്യ രാജനാണ്. ‘സമയം വന്നാല്‍’ 2019ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ രജനീകാന്ത് എന്‍ഡിഎ സഖ്യകക്ഷിയുടെ ഭാഗമാകും എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്‍റെ പ്രതികരണം. “രജനീകാന്തിന്‍റെ നീക്കം ഡിഎംകെയ്ക്ക് അടുത്ത തിരഞ്ഞെടുപ്പിലുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും എന്നു മാത്രമല്ല, വെള്ളിത്തിരയിലെ പ്രതിച്ഛായ രാഷ്ട്രീയത്തില്‍ പരീക്ഷിക്കുന്ന രജനീകാന്ത് ഉയര്‍ന്നു വരുന്ന രാഷ്ട്രീയ ബദലുകളേയും ഇല്ലാതാക്കിയേക്കും ” എന്ന് മദ്രാസ് സര്‍വകലാശാലയിലെ സീനിയര്‍ പൊളിറ്റിക്സ് പ്രൊഫസറായ രാമു മണിവണ്ണാന്‍ അഭിപ്രായപ്പെട്ടു.

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം തന്റെ പാര്‍ട്ടിയെ ഒരുവിധത്തിലും ബാധിക്കില്ല എന്നാണ് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്. “ഞങ്ങള്‍ ഞങ്ങളുടെ പ്രവർത്തനം തുടരും” എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഡിഎംകെയ്ക്ക് വരും തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തരായ എതിരാളികളെയാകും നേരിടേണ്ടി വരിക. രജനീകാന്തിന് പുറമേ ടിടിവി ദിനകരന്‍, വാണിയര്‍ ജാതി കക്ഷിയായ പട്ടാളി മക്കള്‍ കക്ഷി, ദലിത്‌ പാര്‍ട്ടിയായ വിസികെ, സീമന്റെ നാം തമിഴര്‍ കക്ഷി എന്നിവയും കടുത്ത വെല്ലുവിളി ഉയര്‍ത്തും.

രജനീകാന്തിന് വരാന്‍ പോകുന്നത് ഡിഎംഡികെ നേതാവായ ക്യാപ്റ്റന്‍ വിജയ്‌കാന്തിന്‍റെ വിധി തന്നെയാകും എന്നാണ് ഒരു മുതിര്‍ന്ന പിഎംകെ നേതാവിന്റെ അഭിപ്രായം. “രജനീകാന്തിന് വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു 10 ശതമാനം വോട്ട് ലഭിച്ചേക്കും. പക്ഷെ അത് അധികകാലം നിലനില്‍ക്കില്ല. അദ്ദേഹത്തിന്‍റെ ബിജെപി അനുകൂല നിലപാടുകള്‍ ഇതിനോടകം തന്നെ ചോദ്യംചെയ്യപ്പെടുന്നുണ്ട്.

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ബിജെപി ‘ഏല്‍പ്പിച്ച കര്‍ത്തവ്യം’ ആണ് എന്ന്‍ പ്രതികരിച്ച വിസികെ ജനറൽ സെക്രട്ടറി ഡി.രവികുമാര്‍ അത് സംസ്ഥാനത്തെ ഒരു പാര്‍ട്ടിയേയും ബാധിക്കുന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു. “ബിജെപിയുടെ മുഖമായുള്ള രജനീകാന്തിന്‍റെ അഭിനയം തമിഴ്‌നാട്‌ രാഷ്ട്രീയത്തില്‍ വിലപോകില്ല” എന്നും രാമു മണിവണ്ണാന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook