scorecardresearch
Latest News

‘ബഹിഷ്‌കരണ’ പരാമർശത്തിൽ എംപി പർവേഷ് വർമയിൽനിന്ന് വിശദീകരണം തേടി ബിജെപി നേതൃത്വം

കഴിഞ്ഞയാഴ്ച ദിൽഷാദ് ഗാർഡനിൽ നടന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയിലാണ് പർവേഷ് വർമ ഒരു വിഭാഗത്തെ പൂർണമായും ബഹിഷ്കരിക്കണമെന്ന വിവാദപരാമർശം നടത്തിയത്.

Parvesh Verama, bjp

ന്യൂഡൽഹി: ‘ബഹിഷ്‌കരണ’ പരാമർശത്തിൽ എംപി പർവേഷ് വർമയിൽനിന്ന് ബിജെപി നേതൃത്വം വിശദീകരണം തേടിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. ബിജെപിയുടെ ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ പരാമർശത്തെ അംഗീകരിക്കുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മാത്രമല്ല, വർമ ഒരു സമുദായത്തിന്റെയും പേര് പറഞ്ഞിട്ടില്ലെങ്കിലും, പരാമർശം തെറ്റായിരുന്നുവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ”പാർട്ടി പ്രസിഡന്റ് ജെ.പി.നദ്ദ അദ്ദേഹത്തിൽനിന്നും വിശദീകരണം തേടിയിട്ടുണ്ട്,” ഒരു പാർട്ടി നേതാവ് പറഞ്ഞു.

ദി ഇന്ത്യൻ എക്സ്പ്രസ് വർമയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. എന്നോട് ആരും ഒന്നും ചോദിച്ചിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. കഴിഞ്ഞയാഴ്ച ദിൽഷാദ് ഗാർഡനിൽ നടന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയിലാണ് പർവേഷ് വർമ ഒരു വിഭാഗത്തെ പൂർണമായും ബഹിഷ്കരിക്കണമെന്ന വിവാദപരാമർശം നടത്തിയത്.

ഹിന്ദു-മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തരുതെന്ന് എല്ലാ പാർട്ടി നേതാക്കൾക്കും നേതൃത്വം നിർദേശം നൽകിയതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. ”ഭിന്നിപ്പുണ്ടാക്കുന്ന തരത്തിൽ ഒരു വക്താവും നേതാക്കളും അഭിപ്രായം പറയരുതെന്ന് പാർട്ടിയുടെ കർശന നിർദേശമുണ്ട്. ഹിന്ദു-മുസ്‌ലിം പരാമർശം വേണ്ട, ഇതായിരുന്നു സന്ദേശം. ഹിന്ദു-മുസ്‌ലിം സംബന്ധിച്ച ചർച്ചകൾക്കുപോലും തങ്ങളുടെ വക്താക്കളെ പാർട്ടി അയക്കുന്നില്ല,” ഒരു പാർട്ടി നേതാവ് പറഞ്ഞു.

നൂപുർ ശർമ്മ വിവാദ പരാമർത്തിന് ശേഷം, ഒരു മതത്തിനെതിരെയും പരസ്യമായ പരാമർശങ്ങൾ നടത്തരുതെന്ന് ബിജെപി തങ്ങളുടെ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസന സ്വപ്നങ്ങൾ തകർക്കുമെന്നതായിരുന്നു കാരണം. പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങളെ തുടർന്ന് പാർട്ടി ദേശീയ വക്താവ് ശർമ, ഡൽഹി നേതാവ് നവീൻ ജിൻഡാൽ എന്നിവരെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് മുസ്‌ലിം നേതാക്കളുമായി സംവദിക്കുന്ന സമയത്തുള്ള വർമ്മയുടെ പരാമർശം തെറ്റായിപ്പോയെന്ന് ഡൽഹിയിൽ നിന്നുള്ള ഒരു പാർട്ടി നേതാവ് പറഞ്ഞു. “നിങ്ങൾ ഡൽഹിയുടെ സ്വഭാവം മനസ്സിലാക്കണം… 2020-ൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദു-മുസ്‌ലിം മതവിഭാഗങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തു, എന്താണ് സംഭവിച്ചത്, പടിഞ്ഞാറൻ ഡൽഹിയിലെ എല്ലാ സീറ്റുകളും ഞങ്ങൾക്ക് നഷ്ടമായി,” നേതാവ് പറഞ്ഞു.

നേരത്തെ, ബിജെപിയുടെ യുവജന വിഭാഗം തലവനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ നടത്തിയ പരാമർശം പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കൾ വലിയ സ്വപ്‌നങ്ങൾ കാണണമെന്നും പാക്കിസ്ഥാനികൾ ഉൾപ്പെടെ ഇസ്‌ലാം, ക്രിസ്ത്യൻ മതങ്ങളിലേക്ക് മതം മാറിയ എല്ലാവരെയും ഹിന്ദുമതത്തിലേക്ക് വീണ്ടും പരിവർത്തനം ചെയ്യണം എന്നായിരുന്നു സൂര്യയുടെ പരാമർശം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bjp leadership ticks off parvesh verma over boycott remarks nadda seeks explanation