ഷില്ലോങ്: കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട നേതാക്കളുടെ നേതൃത്വത്തില്‍ മേഘാലയയില്‍ വൻ ബീഫ് ഫെസ്റ്റ്. ഇന്ന് സന്ധ്യക്ക് നടക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലാ പ്രസിഡന്റായിരുന്ന ബെര്‍ണാഡ് മറാക്കും പ്രവര്‍ത്തകരും ചേര്‍ന്നാണ് ബീഫ് ഫെസ്റ്റ് നടത്തുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മദ്യവും, ബീഫിന്റെ വിഭവങ്ങളുംനല്കുമെന്നും നേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട ജനങ്ങളുടേ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ പാര്‍ട്ടിവിട്ടത്. മേഘാലയെ സംബന്ധിച്ച് ബീഫ് കഴിക്കല്‍ എന്നത് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിനാല്‍ കശാപ്പ് നിരോധനമെന്നത് അംഗീകരിക്കാനാവില്ലെന്നും ബെര്‍ണാഡ് മറാക്ക് പറഞ്ഞു.
മേഘാലയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് ബീഫ്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് മേഘാലയില്‍ നിന്ന് നിരവധി പേര് പാര്‍ട്ടി വിട്ടിരുന്നു. ഗാരോ ജില്ലയില്‍ നിന്ന് മാത്രം അയ്യായിരത്തോളം ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടി ഉപേക്ഷിച്ചത്. പ്രവര്‍ത്തകര്‍ ബിജെപി വിട്ടതിന് പിന്നാലെ പാര്‍ട്ടി ജില്ല കമ്മിറ്റി ഓഫീസ് അടച്ച് പൂട്ടുകയും കൊടി താഴ്ത്തുകയും ചെയ്തിരുന്നു. മേഘാലയയിലെ ആദിവാസി വിഭാഗത്തിന്റെ സംസ്കാരത്തെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്.
ഗാരോ മേഖലയിലെ രണ്ട് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതോടെ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ ബിജെപി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കേന്ദ്രവിജ്ഞാപനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രക്ഷോഭം നടത്തുന്നുണ്ട്.