ശ്രീനഗര്‍: പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ (പിഡിപി) വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഇനിയും ‘സലാഹുദ്ദീന്‍മാരെ’ സൃഷ്ടിക്കുമെന്ന് പറഞ്ഞ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ ബിജെപിയുടെ പ്രതിഷേധം. ഗവര്‍ണര്‍ ഭരണം നിലവിലുളള കശ്മീരില്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മെഹബൂബ മുഫ്തിയുടെ കോലം കത്തിച്ചു. കച്ചി ചൊവാനിയില്‍ ഒത്തുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ സിവില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തി.

മുഖ്യമന്ത്രിയായിരുന്ന മുഫ്തി ആ ഓഫീസിന്റെ മാന്യത കളയരുതെന്ന് ബിജെപി മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് വീണ ഗുപ്ത പറഞ്ഞു. പിഡിപിയിലുളള വിളളല്‍ ആദ്യം തീര്‍ക്കാനാണ് മെഹബൂബ മുഫ്തി നോക്കേണ്ടതെന്നും വീണ ഗുപ്ത പറഞ്ഞു. ‘നിങ്ങള്‍ ഒരു സലാഹുദ്ദീനെ ഉണ്ടാക്കിയാല്‍, ഞങ്ങള്‍ പത്ത് ഭഗത് സിങ്ങുമാരെ കശ്മീരില്‍ നിന്ന് അയക്കും’, വീണ കൂട്ടിച്ചേര്‍ത്തു.

സലാഹുദ്ദീനെ പോലെയുളള ഭീകരവാദികളെ ഉണ്ടാക്കുമെന്ന് പറഞ്ഞ മുഫ്തിയെ ഗവര്‍ണര്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അയൂധ്യ നാഥ് ആവശ്യപ്പെട്ടു. കശ്മീര്‍ 90കളിലേക്ക് തിരിച്ച് പോകുന്ന സാഹചര്യം നേരിടുമെന്നാണ് കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തി പറഞ്ഞത്. വിമത പിഡിപി എംഎല്‍എമാരെ കൂട്ടുപിടിച്ച് ബിജെപി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മെഹ്ബൂബ മുഫ്തി.

‘ചെറുപാര്‍ട്ടികളുമായി കൂട്ടുകൂടുകയും പിന്നീട് സഖ്യത്തില്‍ നിന്നും പിന്‍മാറി നേതാക്കളെ കൈക്കലാക്കുകയും ചെയ്യുന്നതാണ് ബിജെപി പയറ്റുന്ന രാഷ്ട്രീയ തന്ത്രം. പിഡിപിയെ ഈ രീതിയില്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഇതിന്റെ ഭവിഷ്യത്ത് അപകടകരമാകും. പിഡിപിയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് യാസിന്‍ മാലിക്കിനെയും, സയെദ് സലാഹുദ്ദീനെയും പോലുള്ള പല വിഘടനവാദികളെയും സൃഷ്ടിക്കും’. 1987ലെ അസംബ്ലി തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു മുന്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത്. യാസിന്‍ മാലിക് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് മേധാവിയും, സലാഹുദ്ദീന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘനയുടെ നേതാവുമാണ്. ജൂണ്‍ 19നാണ് പിഡിപി, ബിജെപി സഖ്യസര്‍ക്കാരില്‍ നിന്നും ബിജെപി പിന്‍വാങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook