ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ നടപടിക്രമങ്ങളില്‍ സഹകരണം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കോൺഗ്രസ് സംയുക്ത പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. ജൂണ്‍ 17നാണ് പാര്‍ലമെന്റിന്റെ അടുത്ത സഭായോഗം തുടങ്ങുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, മന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്വാള്‍, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് സോണിയ ഗാന്ധിയെ കണ്ടത്.

20 മിനിറ്റോളം നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിജെപി നേതാക്കള്‍ പോയത്. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് സഹകരണം ആവശ്യപ്പെട്ട് എല്ലാ പ്രതിപക്ഷ നേതാക്കളേയും കാണുമെന്ന് പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിനെ ജൂണ്‍ 5ന് മേഘ്‌വാളും വി.മുരളീധരനും കണ്ടിരുന്നു.

Read More: സോണിയ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ

സോണിയ ഗാന്ധിയെ കോൺഗ്രസ് സംയുക്ത പാർലമെന്‍ററി പാർട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തിരുന്നു. പാർലമെന്‍റ് സെൻട്രൽ ഹാളിൽ ചേർന്ന യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് സോണിയയുടെ പേര് സംയുക്ത പാ‍‍ർലമെന്‍ററി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചത്. സോണിയ ഗാന്ധി ആകും ലോക്സഭാ കക്ഷി നേതാവിനേയും രാജ്യസഭാ കക്ഷി നേതാവിനേയും തീരുമാനിക്കുക.

കഴിഞ്ഞ തവണ ലോക്സഭാ കക്ഷി നേതാവായിരുന്ന മല്ലികാർജ്ജുന ഖാർഗെ ഇത്തവണ പരാജയപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി ലോക്സഭാ കക്ഷി നേതൃപദവിയിലേക്ക് വരണമെന്ന് കോൺഗ്രസ് എംപിമാർക്കിടയിൽ ആവശ്യമുണ്ട്. നിലവിൽ രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദാണ്. അദ്ദേഹത്തെ തന്നെ സോണിയ ഗാന്ധി വീണ്ടും നിർദേശിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇരുസഭകളിലേയും ഉപനേതാക്കൾ, വിപ്പ് എന്നിവരെയെല്ലാം തിരഞ്ഞെടുക്കുന്നതും സോണിയ ഗാന്ധി ആയിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook