ലക്നൗ: മുൻ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ ബിജെപി എംപിമാരും എംഎല്‍മാരും വെള്ളത്തില്‍ വീണു. ഉത്തര്‍പ്രദേശിലെ ബാസ്തിയില്‍ ബോട്ടിന്റെ ഒരു ഭാഗം പൊന്തിയതാണ് അപകടത്തിന് കാരണമായത്. ബിജെപിയുടെ യുപി മുന്‍ അദ്ധ്യക്ഷന്‍ രംപാട്ടി റാം ത്രിപാഥി, എംപി ഹരീഷ് ദ്വിവേദി, എംഎല്‍എ രാം ചൗധരി. മുതിര്‍ന്ന ബിജെപി നേതാക്കള്‍, എസ്പി ദിലീപ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ബോട്ടാണ് മറിഞ്ഞത്.

കൊള്ളാവുന്നതിലും അധികം ആള്‍ക്കാരെ കുത്തിനിറച്ചതാണ് അപകടത്തിന് കാരണമായത്. നേതാക്കള്‍ വെള്ളത്തില്‍ വീണയുടനെ പൊലീസുകാര്‍ എടുത്തുചാടി എല്ലാവരേയും കരയ്ക്കെത്തിച്ചു. ഇതിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങിൽ ബിജെപി മന്ത്രിമാർ തമാശ പറഞ്ഞ് ചിരിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തായത് വിവാദമായിരുന്നു. ചത്തീസ്ഗഢ് ആരോഗ്യമന്ത്രി അജയ് ചന്ദ്രകാർ, കൃഷി മന്ത്രി ബ്രിജ്മോഹൻ അഗർവാൾ എന്നിവർ തമാശ പറഞ്ഞ് ചിരിക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

ജീവിച്ചിരുന്നപ്പോൾ തന്നെ വാജ്പേയിയെ അവഗണിക്കുകയായിരുന്നു ബിജെപി നേതൃത്വമെന്നും മരിച്ചു കഴിഞ്ഞ് ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോൾ പോലും നേതാക്കൾ കൊടുക്കുന്ന ബഹുമാനം എന്താണെന്ന് ഇത് വ്യക്തമാക്കുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.

93 വയസുകാരനായ അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മരണവാർത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലേക്ക് എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ്‌ നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള പ്രമുഖർ ഇന്നലെ തന്നെ അന്തിമോപചാരം അർപ്പിക്കാൻ ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook