scorecardresearch
Latest News

‘എല്ലായിടത്തും അവർ ഞങ്ങളെ പിന്തുടരുന്നു’; കർഷക പ്രക്ഷോഭം വൻ തിരിച്ചടിയായി ബിജെപി

പഞ്ചാബിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപി തന്നെ ഇത് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു

Farmers protest, കർഷക പ്രക്ഷോഭം, Farm protest BJP Punjab, ബിജെപി, Punjab polls, Punjab BJP, Punjab political parties, BJP Punjab farmers protest, farm protest news, indian express news

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ കർഷകരുടെ സമരം തുടരുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാകുന്നു. കർഷക സമരത്തിൽ ഏറ്റവും കൂടുതൽ കർഷകർ എത്തിയ പഞ്ചാബിലും ഹരിയാനയിലും തന്നെയാണ് ബിജെപി പ്രതിസന്ധി നേരിടുന്നത്. പഞ്ചാബിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത് ബിജെപി തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു. എല്ലായിടത്തും അവർ ഞങ്ങളെ പിന്തുടരുകയാണെന്ന് പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാവ് രമേശ് ശര്‍മ പറയുന്നു.

2015 ല്‍ ബിജെപി-അകാലിദള്‍ സഖ്യം തൂത്തുവാരിയ പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. മൂന്നില്‍ രണ്ട് സീറ്റുകളിലും ബിജെപിക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താനായിട്ടില്ല. സ്ഥാനാര്‍ഥികള്‍ ഉള്ളയിടങ്ങളില്‍ പ്രചരണത്തിനിറങ്ങാനും സാധിക്കുന്നില്ല. ഡൽഹിയിൽ സമരം തുടരുമ്പോഴും പഞ്ചാബിലെ ബിജെപി നേതാക്കൾക്ക് വീടിന് പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തോളമായി വീടിന് മുന്നിൽ മുപ്പത്തിൽ കുറയാതെ ആളുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്.

Also Read: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം; 150 പേരെ കാണാതായി

ആളുകൾ മാത്രമല്ല നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുകളും എങ്ങും നിറഞ്ഞിരിക്കുന്നു. ഇതോടൊപ്പം കർഷകരെ തീവ്രവാദികളെന്നും അക്രമണകാരികളെന്നും വിളിക്കുന്നതിലുള്ള അമർഷം വേറെ.

പ്രതിഷേധക്കാരെ ഭയന്ന് ബിജെപി നേതാക്കന്മാർക്ക് പ്രചരണത്തിനുപോലും പുറത്തിറങ്ങാൻ സാധിക്കുന്നില്ല. പാർട്ടിയുടെ കോർ കമ്മിറ്റിയിലെ ഏക സിഖ് മുഖം മാൽവീന്ദർ സിംഗ് കാങ് ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ജനുവരിയിൽ മാത്രം രാജിവെച്ചിട്ടുണ്ട്. പാർടി അംഗങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ നിന്ന് ബിജെപി പതാക നീക്കം ചെയ്തതായും ഓരോ തവണ വീടു വിട്ടിറങ്ങുന്നതിനുമുമ്പും കർഷകരുടെ പരിപാടികൾ മനസിലാക്കുന്നുണ്ടെന്നും മുതിർന്ന ബിജെപി നേതാവ് തന്നെ സമ്മതിക്കുന്നു.

Also Read: കോവിഡ് മരണം നൂറിൽ താഴെ: മെയ് മാസത്തിനു ശേഷം രാജ്യത്ത് ഏറ്റവും കുറഞ്ഞ സംഖ്യ

എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍-പഞ്ചായത്തുകളിലേക്കുമായി നടക്കുന്ന തിരഞ്ഞെടുപ്പ് പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 14-നാണ് തിരഞ്ഞെടുപ്പ്. പഞ്ചാബിലെ ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായിരുന്ന അകാലിദള്‍ കര്‍ഷ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സഖ്യം ഉപേക്ഷിച്ചിരുന്നു.

ഹരിയാണയിലും ബിജെപി സമാനമായ വെല്ലുവിളിയാണ് നേരിടുന്നത്. ജനുവരിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ഹെലികോപ്ടര്‍ ഇറങ്ങാന്‍ പോലും കര്‍ഷകര്‍ സമ്മതിച്ചില്ല. 1500 പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി‌ പങ്കെടുക്കേണ്ട വേദി പ്രതിഷേധിക്കാര്‍ കൈയ്യേറി. കര്‍ഷകപ്രക്ഷോഭം ശക്തമായ ജില്ലകളില്‍ ബിജെപി നേതാക്കള്‍ക്ക് വീടുവിട്ടു പുറത്തിറങ്ങാന്‍ പോലീസിന്റെ സഹായം ആവശ്യമാണ്. ബിജെപിയുടെ സഖ്യ കക്ഷിയായ ജെജെപി നേതാക്കളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്.

അതേസമയം രാഷ്ട്രീയപരമായും ജനാധപത്യപരമായും ബിജെപിക്ക് തിരിച്ചടി നല്‍കാൻ കര്‍ഷകര്‍ക്കുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bjp leaders face farmers anger in punjab and haryana