ബംഗളൂരു: കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ക്ക് ഇത് ഹൃദയവേദനയുടെ കാലമാണ്. കാര്യം മറ്റൊന്നുമല്ല, നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ അവഗണിക്കപ്പെടുന്നതാണ് കാരണം. സീറ്റ് കിട്ടാത്തതിന് കരഞ്ഞ് നിലവിളിക്കുന്ന നേതാക്കളെ കൂടുതലൊന്നും കാണാന്‍ കഴിയില്ല. എന്നാല്‍ അപ്രതീക്ഷിതമായി അവഗണിക്കപ്പെട്ട ബിജെപി നേതാവ് പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നപ്പോഴാണ് സംഭവം. മുന്‍ എംഎല്‍എ കൂടിയായ ശഷില്‍ ജി നമോഷിയാണ് തകര്‍ന്നുപോയത്.

ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുമെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിനായി എല്ലവിധ പ്രവര്‍ത്തനങ്ങളും അദ്ദേഹം മുന്‍കൈ എടുത്ത് ചെയ്യുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച്ച വൈകുന്നേരം പട്ടിക പുറത്തുവന്നതോടെ തന്റെ പേര് വരേണ്ട സ്ഥാനത്ത് സിബി പാട്ടിലിന്റെ പേരാണ് കാണാനായത്.

പത്രസമ്മേളനത്തിനിടെ അദ്ദേഹം എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ ഇടറി അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ അനുയായികള്‍ സമാധാനിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി. മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കരച്ചില്‍ തുടര്‍ന്നു. ഗുല്‍ബര്‍ഗയിലെ ഡെപ്യൂട്ടി മേയറായിരുന്നു അദ്ദേഹം. 12 വര്‍ഷക്കാലം നിയമസഭാ കൌണ്‍സില്‍ അംഗമായിരുന്നു അദ്ദേഹം. 2013ല്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി ഗുല്‍ബര്‍ഗ ദക്ഷിണില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ