കുവൈത്ത്: ശബരിമല വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ബിജെപിയുടെ ദേശീയ വക്താവ് മീനാക്ഷി ലേഖി വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി. കുവൈത്തില്‍ ബിജെപിയുടെ പോഷക സംഘടനയായ ഭാരതീയ പ്രവാസി പരിഷത്ത് വര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. ഇതിനിടെയായിരുന്നു സംഭവം.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വനിതാ നേതാവ് എന്ന നിലയിലുള്ള അഭിപ്രായമെന്തെന്നായിരുന്നു ചോദ്യം. ചോദ്യത്തിന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണുള്ളതെന്നായിരുന്നു മറുപടി നല്‍കിയത്.
തുടര്‍ന്ന് ബിജെപി വക്താവ് എന്ന നിലയില്‍ ബിജെപിയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതാണ് ലേഖിയെ ചൊടിപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള അടക്കമുള്ളവര്‍ വേദിയിലിരിക്കെയാണ് സംഭവം. വാര്‍ത്താസമ്മേളനം അവസാനിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയുമായി ശ്രീധരന് പിള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കി.