ന്യൂഡൽഹി: ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതിക്ക് കോവിഡ് പോസിറ്റീവ്. ഉമാ ഭാരതി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും ഉമാ ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. ഉമാ ഭാരതി ഇപ്പോൾ ഉത്തരാഖണ്ഡിലാണ്. നാല് ദിവസത്തിനു ശേഷം താൻ വീണ്ടും കോവിഡ് പരിശോധനയ്‌ക്ക് വിധേയയാകുമെന്നും ആരോഗ്യവിദഗ്‌ധരുടെ നിർദേശപ്രകാരം മറ്റു കാര്യങ്ങൾ ചെയ്യുമെന്നും ഉമാ ഭാരതി അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 59,92,533 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,124 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. ആകെ മരണസംഖ്യ 94,503 ആയി. 49,41,628 പേർ ഇതുവരെ കോവിഡ് മുക്തി നേടിയപ്പോൾ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,56,402 ആണ്.