ലക്‌നൗ: ബിജെപിക്ക് വോട്ടു ചെയ്യില്ലെന്നു പറഞ്ഞതിന് ഭിന്നശേഷിക്കാരനെ മർദ്ദിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. ഭിന്നശേഷിക്കാരനെ ബിജെപി നേതാവ് മുഹമ്മദ് മിയാൻ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദിപേന്ദർ യാദവിനെ കാണാനായി ബിജെപി നേതാവായ മുഹമ്മദ് മിയാനും സാംബൽ ജില്ലാ പ്രസിഡന്റ് രാജേഷ് സിംഗളും മറ്റു ബിജെപി പ്രവർത്തകരും കലക്ട്രേറ്റിൽ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ബിജെപി നേതാക്കളെ കണ്ടതും 22 കാരനായ മനോജ് ഗുജ്ജർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും താൻ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് മാത്രമായിരിക്കും വോട്ട് ചെയ്യുകയെന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ഇതിൽ പ്രകോപിതനായ മിയാൻ വാഹനത്തിനുളളിൽനിന്നും വടിയെടുത്ത് ഗുജ്ജറിനെ അടിക്കുകയും വായിൽ കുത്തിക്കയറ്റാൻ ശ്രമിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ക്രമസാമാധാന ലംഘനമുണ്ടാക്കിയെന്ന കുറ്റത്തിന് ബിജെപി നേതാവിന്റെ മർദ്ദനത്തിന് ഇരയായ ഗുജ്ജാറിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഗുജ്ജറിനെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും കലക്ട്രേറ്റിനുളളിൽ വച്ച് സംഭവം നടന്നതിനാൽ അയാളെ ജയിലിൽ അടച്ചിരിക്കുകയാണെന്നും സാംബൽ എസ്‌പി യമുന പ്രസാദ് പറഞ്ഞു.

അതേസമയം, ഭിന്നശേഷിക്കാരനെ മർദ്ദിക്കുന്ന വീഡിയോ വൈറലായതോടെ ബിജെപി നേതാവ് ന്യായീകരണവുമായി രംഗത്തെത്തി. മുതിർന്ന ബിജെപി നേതാക്കളെ ഗുജ്ജർ മോശം വാക്കുകളാൽ അധിക്ഷേപിച്ചുവെന്നും ഇതിൽ പ്രകോപിതനായാണ് അയാളെ മർദ്ദിച്ചതെന്നും പൊതുജനമധ്യത്തിൽ വച്ച് അയാളോട് ക്ഷമ ചോദിക്കാൻ താൻ തയ്യാറാണെന്നും മിയാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ