ന്യൂഡൽഹി: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച ബിജെപി മുൻ എംപി തരുൺ വിജയ് വിവാദത്തിൽ. നോയിഡയിൽ ആഫ്രിക്കക്കാർക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അൽ ജസീറ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബിജെപി നേതാവ് വിവാദ പ്രസ്താവന നടത്തിയത്. ‘തമിഴ്, കേരള, കർണാടക, ആന്ധ്ര തുടങ്ങി ദക്ഷിണേന്ത്യക്കാർക്കിടയിലാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങൾക്കു ചുറ്റും കറുത്ത നിറക്കാരാണ്. ഞങ്ങൾ വംശീയ വിരേധികളാണെങ്കിൽ ഇവർക്കു ചുറ്റും എന്തിനാണ് ഞങ്ങൾ ജീവിക്കുന്നതെന്നും’ അദ്ദേഹംം ചോദിച്ചു.

പ്രസ്താവന വിവാദമായതോടെ തരുൺ വിജയ് ട്വിറ്ററിലൂടെ ക്ഷമ ചോദിച്ചു. താൻ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് വ്യത്യസ്ത നിറത്തിലുളള ജനങ്ങൾ ഉണ്ട്. അവർക്കുനേരെ ഒരിക്കലും ഒരു തരത്തിലുളള വിവേചനം കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ നോയിഡയിൽ കഴിഞ്ഞയാഴ്ചയാണ് നൈജീരിയക്കാർക്കുനേരെ ആക്രമണമുണ്ടായത്. ഇവിടെ ഒരു പതിനേഴുവയസ്സുകാരൻ അമിതമായി മയക്കുമരുന്നു കഴിച്ചു മരിച്ചിരുന്നു. മയക്കുമരുന്നു നൽകിയത് നൈജീരിയക്കാരാണെന്ന് ആരോപിച്ചാണു പ്രദേശവാസികള്‍ അഞ്ചു നൈജീരിയൻ വിദ്യാർഥികളെ ആക്രമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ