ലക്‌നൗ: പീഡനക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു. യുപിയില്‍ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഷാജഹാന്‍പൂരിലുള്ള ആശ്രമത്തില്‍ നിന്നാണ് സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തത്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ചിന്മയാനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചിന്മയാനന്ദിനെതിരെ തന്റെ പക്കൽ തെളിവുകളുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരാതിക്കാരിയായ പെൺകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി നേതാവായതിനാലാണ് ചിന്മയാനന്ദിനെതിരെ നടപടി വെെകുന്നതെന്നും പെൺകുട്ടി ആരോപണമുന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചിന്മയാനന്ദിന്റെ 35 ഓളം വീഡിയോകള്‍ തന്റെ കൈവശം ഉണ്ടെന്നും നീതി ലഭിക്കാന്‍ വേണ്ടിയാണ് ഇതെന്നും പെണ്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. കണ്ണടയില്‍ ക്യാമറ പിടിപ്പിച്ചാണ് ബിജെപി നേതാവ് കൂടിയായ സ്വാമി ചിന്മയാനന്ദിനെതിരെ പരാതിക്കാരിയായ പെണ്‍കുട്ടി തെളിവുകള്‍ ഉണ്ടാക്കിയത്. കോളേജ് ക്യാംപസില്‍ നിന്ന് തന്നെ സ്വാമി വീട്ടിലേക്ക് വിളിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. മസാജ് ചെയ്യാന്‍ വേണ്ടിയാണ് ചിന്മയാനന്ദ് പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് വിളിക്കുക. ചിന്മയാനന്ദ് ചെയര്‍മാനായ കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.

Read Also: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക്

ഒളിച്ചുവയ്ക്കാവുന്ന ക്യാമറയ്ക്കായി പെണ്‍കുട്ടി പല തരത്തിലുള്ള അന്വേഷണം നടത്തി. പേനയില്‍ ക്യാമറ ഘടിപ്പിച്ചുള്ള അന്വേഷണമൊക്കെ നടത്തി. എന്നാല്‍, ഇന്റർനെറ്റിൽ നോക്കി ഒടുവില്‍ കണ്ണടയില്‍ ക്യാമറ ഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ചിന്മയാനന്ദിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ലായിരുന്നു. കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ഷൂട്ട് ചെയ്ത 30 ഓളം വീഡിയോകള്‍ പരാതിക്കാരി പൊലീസിന് കൈമാറിയിരുന്നു.

Read Also: പീഡനദൃശ്യങ്ങൾ കണ്ണടയിലെ ക്യാമറയിൽ പകർത്തി; സ്വാമി ചിന്മയാനന്ദക്കെതിരായ തെളിവുകളുണ്ടെന്ന് പരാതിക്കാരി

ഹോസ്റ്റല്‍ റൂമില്‍ നിന്ന് തന്റെ കണ്ണട മോഷണം പോയെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍, തെളിവുകളെല്ലാം സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കോളേജില്‍ ആയിരിക്കുമ്പോള്‍ മറ്റാരുമായി ഇടപെടാന്‍ ചിന്മയാനന്ദ് സമ്മതിക്കില്ലായിരുന്നു. തന്നെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. നീതി ലഭിക്കാൻ വേണ്ടി നിയമപോരാട്ടം തുടരുമെന്നും തന്റെ ഗതി മറ്റൊരു വിദ്യാർഥിക്കും സംഭവിക്കരുതെന്നും പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook