കൊൽക്കത്ത: കോവിഡ് -19 ബാധിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ് പരാതി നൽകി.

ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 പർഗാനാസിൽ നടന്ന പാർട്ടി പരിപാടിയിൽ ഹസ്ര നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയായത്. ത്രിണമൂൽ കോൺഗ്രസിന്റെ സിലിഗുരി യൂണിറ്റാണ് പരാതി നൽകിയിരിക്കുന്നത്.

“നമ്മുടെ പ്രവർത്തകർ കൊറോണ വൈറസിനെക്കാൾ വലിയ ശത്രുവിനോടാണ് യുദ്ധം ചെയ്യുന്നത്. അവർ മമത ബാനർജിയോടാണ് പോരാടുന്നത്. മാസ്ക് ധരിക്കാതെ മമത ബാനർജിയോട് പൊരുതാൻ പറ്റിയാൽ മാസ്ക് ധരിക്കാതെ കോവിഡ്-19നോടും പൊരുതാൻ അവർക്ക് സാധിക്കും,” ഹസ്ര പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

“എനിക്ക് കൊറോണ വൈറസ് ബാധിച്ചാൽ പോയി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് ഞാൻ തീരുമാനിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: കോവിഡ് എന്ന് തീരുമെന്നറിയില്ല, വാക്സിന്റെ കാര്യത്തിലും ഉറപ്പില്ല: നിർമല സീതാരാമൻ

മുൻ തൃണമൂൽ എംപിയായ ഹസ്ര കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്. കോവിഡ് -19 രോഗികളുടെ മൃതദേഹങ്ങൾ സംസ്ഥാനത്ത് സംസ്‌കരിക്കുന്ന രീതിയെക്കുറിച്ചും ഹസ്ര മുഖ്യമന്ത്രിയെ വിമർശിച്ചു.

“രോഗബാധിച്ച് മരിച്ചവരോടുള്ള​ മമത ബാനർജിയുടെ സമീപനം പരിതാപകരമാണ്. അവരുടെ മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. കോവിഡ്-19 മൂലം മരിച്ച മാതാപിതാക്കളുടെ മുഖം കാണാൻ മക്കളെ അനുവദിച്ചില്ല. ചത്ത പൂച്ചകളോടോ നായ്ക്കളോടോ പോലും നമ്മൾ അങ്ങനെ പെരുമാറില്ല,” അദ്ദേഹം പറഞ്ഞു.

ടി‌എം‌സി മുതിർന്ന നേതാവ് സൊഗതോ റോയ് ഈ പരാമർശത്തെ അപലപിച്ചു. ഇത് ബിജെപിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സൊഗതോ പറഞ്ഞു.

“ഇത്തരം വാക്കുകളും പ്രസ്താവനകളും ബിജെപി നേതാക്കളിൽ നിന്ന് മാത്രമേ വരൂ. ഇത് പാർട്ടിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. അത്തരം ഭ്രാന്തൻ പ്രസ്താവനകളെ ഞങ്ങൾ അപലപിക്കുന്നു,” അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന്റെ സിലിഗുരി യൂണിറ്റും ബിജെപി നേതാവിനെതിരെ റാലി നടത്തി.

അനുപം ഹസ്രയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” വടക്കൻ ബംഗാൾ നഗരത്തിലെ മുതിർന്ന ടിഎംസി നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു.

മുഖ്യമന്ത്രി മമത ബാനർജി മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരവധി പരാമർശങ്ങൾ നടത്തിയിട്ടുള്ളതായി, പരാതിയോട് പ്രതികരിച്ച ഹസ്ര പറഞ്ഞു.

“എന്റെ അഭിപ്രായങ്ങൾ അപമാനകരമാണെങ്കിൽ, മമത ബാനർജിയും പ്രധാനമന്ത്രിക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. രണ്ടാമതായി, എനിക്കെതിരെ ഒരു എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ടിഎംസി നേതാക്കൾക്കെതിരെ കുറഞ്ഞത് 10 എഫ്ഐആർ എങ്കിലും സമർപ്പിക്കണം,” അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബിജെപി നേതൃത്വം ബിജെപി നേതാവിന്റെ പ്രസ്താവനയിൽ നിന്ന് അകന്നു.

“ഞങ്ങൾ അത്തരം അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്നില്ല. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം,” ഒരു ബിജെപി നേതാവ് പറഞ്ഞു.

Read in English: BJP leader says will hug Mamata Banerjee if infected with Covid, complaint filed

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook