രജനീകാന്തിന്റെ ആശയങ്ങളും ബി ജെ പിയുടെയും എ ഐ എ ഡി എം കെയുടെയും ആശയങ്ങളും ഒരുപോലെയാണെന്ന് നടനും ബി ജെ പി നേതാവുമായ വി ഇ ശേഖർ അഭിപ്രായപ്പെട്ടു. രജനീകാന്തിനെ ബി ജെ പി എതിർക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.ഇതേസമയം, കമൽഹാസന് തമിഴ് നാടിനെ കുറിച്ചല്ല, കേരളത്തെ കുറിച്ചാണ് ആശങ്കയെന്നും ശേഖർ കുറ്റപ്പെടുത്തുന്നു. വിവാദങ്ങളുടെ തോഴനായ വിജയ് ശേഖർ തമിഴ് നാടിനെ വിവാദങ്ങളിൽ നിന്നും വേർ തിരിച്ച് നിർത്താനാകില്ലെന്ന അഭിപ്രായക്കാരനാണ്.
തമിഴ് നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ അപമര്യാദ നിറഞ്ഞ പെരുമാറ്റത്തിനെതിരെ പരാതി നൽകിയ മാധ്യമ പ്രവർത്തകയ്ക്കെതിരെ അപകീർത്തികരമായ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ശേഖർ വിവാദത്തിലായിരുന്നു. ശേഖർ രജനീകാന്തിനെയും കമൽ ഹാസനെയും കുറിച്ചും തമിഴ് നാട്ടിലെ രാഷ്ട്രീയത്തെ കുറിച്ചും ദ് ഇന്ത്യൻ എക്സപ്രസ് ഡോട്ട് കോമിന്റെ ജനാർദ്ദൻ കൗശിക്കുമായി സംസാരിക്കുന്നു.

ബി ജെ പി രജനീകാന്തിന് എതിരാകുമെന്ന് ഞാൻ കരുതുന്നില്ല, കാരണം രജനിയുടെ ആശയം ബി ജെ പിയുടെ ആശയത്തോട് ചേർന്നു നിൽക്കുന്നതാണ്. ബി ജെ പിയുടെയും എ ഐ എ ഡി എം കെയുടെയും ആശയങ്ങളുമായി ഇഴുകിചേരുന്നതാണ് രജനീകാന്തിന്റെ ആശയങ്ങൾ. കമലിന്റെ കാര്യം വ്യത്യസ്തമാണ്. അദ്ദേഹത്തിന് തമിഴ് നാടിനേക്കാൾ കൂടുതൽ ആശങ്ക കേരളത്തെ കുറിച്ചാണ്. ചെന്നൈയിൽ അഭൂതപൂർവ്വമായ വെളളപ്പൊക്കമുണ്ടായപ്പോൾ കമൽ കാര്യമായ സംഭാവനകളൊന്നും നൽകിയില്ല. എന്നാൽ കേരളത്തിനായി അദ്ദേഹം വളരെയധികം ശബ്ദമുയർത്തുകയും പിന്തുണ നൽകുകയും ചെയ്യുന്നു.
രജനീകാന്തും കമൽ ഹാസനും എന്റെ നല്ല സുഹൃത്തുക്കളാണ്. 1975 ൽ രജനീകാന്തിന്റെ ആദ്യ ചിത്രമായ അപൂർവ്വ രാഗങ്ങൾ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഓൾ ഇന്ത്യാ റേഡിയോയ്ക്ക് വേണ്ടി റെക്കോഡ് ചെയ്തത് ഞാനാണ്. കമലും ഞാനും സഫയർ തിയറ്റിൽ പോയി ഒന്നിച്ച് സിനിമ കണ്ടിരുന്നവരാണ്. അവരുടെ രാഷ്ട്രീയത്തെ കുറിച്ചാണെങ്കിൽ എന്റെ പാർട്ടി അവർക്കെതിരാണെങ്കിൽ ഞാനും ആ നിലപാട് സ്വീകരിക്കും.
ഞാൻ ബി ജെ പിയുടെ ഭാഗമാണ്. 1992 മുതൽ ബി ജെ പിയെ അനുകൂലിക്കുന്ന ആളാണ്. സത്യസന്ധനായതിനാൽ എന്നെ എ ഡി എം കെയിൽ നിന്നും പുറത്താക്കി. അതിൽ എനിക്ക് പശ്ചാത്താപമില്ല. കോൺഗ്രസിൽ ചേർന്നത് രാഹുൽ ഗാന്ധി വിളിച്ചതുകൊണ്ടാണ്. രണ്ട് മാസം കഴിഞ്ഞപ്പോൾ മൗണ്ട് റോഡിലുണ്ടായ ഒരു അക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ. വി തങ്കബാലു എന്നെ പുറത്താക്കി. എന്നാൽ എനിക്ക് ആ അക്രമ സംഭവത്തിൽ യാതൊരു പങ്കുമില്ലായിരന്നു. 2010 ലാണ് ബി ജെ പിയിൽ ചേർന്നത്. തമിഴ് നാട്ടിലെ ബി ജെ പി നേതൃത്വം എന്നെ ഏൽപ്പിച്ചാൽ ഇപ്പോഴുളളതിനേക്കാൾ നന്നായി ബി ജെ പിയെ നയിക്കാൻ തനിക്കാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തമിഴ് നാടിനെ വിവാദങ്ങളിൽ നിന്നും വേർതിരിച്ച് നിർത്താനാവില്ല, പക്ഷേ വിവാദങ്ങളൊക്കെ അൽപ്പായുസുളളവയാണ്. എന്റെ കേസ് വരുന്നതിന് മുമ്പ് എച്ച് രാജയായിരുന്നു ഇപ്പോൾ അത് കരുണാസ് ആയി. ഞങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, മറ്റുളളവരെ മുറിവേൽപ്പിക്കാ തിരിക്കാനും അസ്വസ്ഥത സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം. കരുണാസിന്റെ കേസ് കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽകൂടുതലൊന്നും അതേ കുറിച്ച് പറയുന്നില്ലെന്നും ചോദ്യത്തിന് ശേഖർ പറഞ്ഞു.