ന്യൂഡൽഹി: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന നിലപാട് ആവർത്തിച്ച് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ. ലോക്സഭയിൽ ചർച്ചയ്ക്കിടെയാണ് പ്രഗ്യാ സിങ് നിലപാട് ആവർത്തിച്ചത്.
എസ്പിജി സുരക്ഷ സംബന്ധിച്ച് സഭയിൽ നടന്ന ചർച്ചയിൽ, എന്തുകൊണ്ട് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയെന്ന ഗോഡ്സെയുടെ പ്രസ്താവന ഡിഎംകെ നേതാവ് എ.രാജ ആവർത്തിച്ചപ്പോൾ പ്രകോപിതയായ പ്രഗ്യാ സിങ് പ്രതികരിക്കുകയായിരുന്നു.
ഗാന്ധിജിയെ വധിക്കുന്നതിനും 32 വര്‍ഷം മുമ്പേ അദ്ദേഹത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് ഗോഡ്സെ തന്നെ പറഞ്ഞതാണ് രാജസഭയിൽ ഉദ്ധരിച്ചത്. പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ പറഞ്ഞു. എന്നാൽ ഇതിൽ പ്രകോപിതയായ പ്രഗ്യാ സിങ് രാജയുടെ വാക്കുകളെ പ്രതിരോധിക്കാൻ ശ്രമിച്ചു.
Also Read: വളർച്ചാ നിരക്ക് കുറവായിരിക്കാം, എന്നാൽ സാമ്പത്തിക മാന്ദ്യമില്ല: നിർമല സീതാരാമൻ
ഇതേത്തുടർന്ന് പ്രതിപക്ഷ എംപിമാർ പ്രഗ്യയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. സഭയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം പ്രഗ്യയയെ ശാന്തമാക്കാനുള്ള ശ്രമമായിരുന്നു ബിജെപി എംപിമാരുടേത്.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും പ്രഗ്യ സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും അവർ പറഞ്ഞിരുന്നു. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.
Also Read: ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
സംഭവം വിവാദമായതോടെ പരാമർശത്തിൽ പ്രഗ്യാ സിങ് ഠാക്കൂർ മാപ്പ് പറഞ്ഞു. വിവാദ പരാമർശത്തിൽ ബിജെപി പ്രഗ്യ സിങ്ങിനെ കയ്യൊഴിഞ്ഞ സാഹചര്യത്തിലായിരുന്നു അന്ന് അവർ മാപ്പു പറഞ്ഞത്. എന്നാൽ ഇന്ന് വീണ്ടും വിവാദ നിലപാട് ആവർത്തിച്ച് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് പ്രഗ്യാ സിങ്.