ടൂറ: കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മേഘാലയയിൽ മറ്റൊരു ബിജെപി നേതാവ് കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു. നോർത്ത് ഗാരോ ഹിൽസ് ജില്ലയിലെ പ്രസിഡന്റ് ബചു മരക് ടൻ ആണ് പാർട്ടിയിൽ നിന്ന് രാജിവച്ചിരിക്കുന്നത്. വെസ്റ്റ് ഗാരോ ഹിൽസ് ജില്ല പ്രസിഡന്റ് ബർണാഡ് മാർക് നാല് ദിവസം മുൻപ് രാജിവച്ചിരുന്നു.

“ഗാരോ സമുദായത്തിന്റെ വികാരങ്ങളെ അഗവണിക്കാനാവില്ല. സമുദായംഗമെന്ന നിലയിൽ ഇതെന്റെ ഉത്തരവാദിത്വമാണ്. ബീഫ് കഴിക്കുന്നത് ഗാരോസിന്റെ സംസാകരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. ബിജെപി അടിച്ചേൽപ്പിക്കുന്ന മതേതര വിരുദ്ധ നിലപാടുകൾ അംഗീകരിക്കാനാവില്ല” എന്ന് ബചു മരക് ടൻ രാജിയെ കുറിച്ച് പ്രതികരിച്ചു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഷിബുൻ ലിംഗ്ധോയ്ക്കാണ് അദ്ദേഹം രാജി സമർപ്പിച്ചത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്നതിനായി ഗാരോ കുന്നിൽ ബിറ്റ്ചി(ബിയർ) ആന്റ് ബീഫ് പാർട്ടി നടത്താൻ ആലോചിച്ചിരുന്നു. എന്നാൽ പാർട്ടിക്കകത്ത് ഇത് വലിയ ചർച്ചയായി. ഏറെ വിമർശനങ്ങളും ഉയർന്നു.

ബിജെപി ദേശീയ വക്താവ് നളിൻ കൊഹ്ലി, ബചുവിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നു.

ജൂൺ പത്തിന് ടൂറയിലെ ഈഡൻ ബാരി എന്ന സ്ഥലത്ത് ബർണാഡ് മാർക് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ബചു മരക് ടൻ ഈ പരിപാടിയിൽ സംബന്ധിക്കും. “ബിജെപിയുടെ ഇത്തരം നിലപാടുകളോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിന് ഈ പരിപാടിയിൽ ഞാൻ പങ്കെടുക്കും” എന്ന് ബചു മരക് ടൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ