ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന നടപടിയെ വിമർശിച്ച് ബിജെപി നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി. ആർക്കും ആരെയും കൊല്ലാനുള്ള സ്വാതന്ത്ര്യമില്ലെന്ന് മനേക ഗാന്ധി പറഞ്ഞു. നിങ്ങൾക്ക് ഒരാളെ കൊല്ലണമെന്നുണ്ടെങ്കിൽ പോലും അത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് മനേക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
WATCH | “The accused should have been punished through the due process of law,” says BJP’s Maneka Gandhi on #TelanganaEncounter. pic.twitter.com/HEyma5dnqD
— NDTV (@ndtv) December 6, 2019
“നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല. കോടതി അവരെ ശിക്ഷിക്കട്ടെ. കോടതി അവർക്ക് തൂക്കുകയർ വിധിക്കട്ടെ. വളരെ അപകടകരമായ കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കുറ്റക്കാർ ശിക്ഷിക്കപ്പെടേണ്ടത് നിയമത്തിന്റെ വഴിയിലൂടെയാണ്.” മനേക ഗാന്ധി പറഞ്ഞു. അതേസമയം, വനിത ഡോക്‌ടറുടെ കൊലപാതകത്തെ നിഷ്‌ഠൂരമായ കാര്യമെന്നും മനേക ഗാന്ധി വിശേഷിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പൊലീസ് ഏറ്റുമുട്ടലിനെ വിമർശിച്ച് രംഗത്തെത്തി.
കോൺഗ്രസ് എംപി ശശി തരൂരും സംഭവത്തെ എതിർത്ത് രംഗത്തെത്തി. പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന നടപടിയല്ലെന്ന് ശശി തരൂർ പറഞ്ഞു. കേരള ഹെെക്കോടതി മുൻ ചീഫ് ജസ്റ്റിസ് കമാൽ പാഷ, കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം എന്നിവരും പൊലീസ് നടപടിയെ വിമർശിച്ചു.
Read Also: ബിഗ് ബോസിൽ സരിത നായര്‍ വേണം; കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
അതേസമയം, കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന നടപടിയെ ഇരയായ യുവതിയുടെ പിതാവ് സ്വാഗതം ചെയ്തു. “മകളുടെ ആത്മാവിന് ഇപ്പോൾ ശാന്തി ലഭിച്ചെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. പൊലീസിനോടും സർക്കാരിനോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇപ്പോഴാണ് എന്റെ മകൾക്ക് നീതി ലഭിച്ചത്.” യുവതിയുടെ അച്ഛൻ പറഞ്ഞു. കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിച്ചാൽ വേറെ എന്ത് ചെയ്യുമെന്നാണ് പൊലീസ് അധികൃതർ ചോദിക്കുന്നത്. പൊലീസ് വെടിവയ്പ്പിനോട് സമിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്.
Read Also: മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് പുലർച്ചെയാണ് പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. നാലു പ്രതികളെയാണ് പൊലീസ് വെടിവച്ചു കൊന്നത്. ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം.
തെളിവെടുപ്പിനിടെ പ്രതികള്‍ തങ്ങളെ ആക്രമിച്ചതായാണു പൊലീസ് പറയുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായെന്നാണു പൊലീസ് പറയുന്നു.
”കൊലപാതകം രംഗം പുനരാവിഷ്‌കരിക്കുന്നതിനിടെ നാല് പ്രതികളില്‍ ഒരാള്‍ മറ്റു മൂന്നു പേരെ നോക്കി രആംഗ്യം കാണിച്ചു. പൊലീസിനെ മര്‍ദിച്ച് രക്ഷപ്പെടാനായിരുന്നു ആംഗ്യം. ഇതിനുപിന്നാലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട് വിജനമായ വഴിയിലൂടെ ഓടുകയായിരുന്നു. അപ്പോഴാണ് വെടിയുതിര്‍ത്തത്,”പൊലീസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.