റാഞ്ചി: ബീഫിന്റെ പേരിൽ ജാര്‍ഖണ്ഡിൽ ഒരാളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. അസ്‍ഗര്‍ അന്‍സാരിയെന്ന അലിമുദ്ദീൻ എന്നയാളെയാണ് കഴിഞ്ഞ ദിവസം ബീഫിന്റെ പേരില്‍ സംഘ്‍പരിവാര്‍ നേതൃത്വത്തില്‍ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ രാംഗഡ് സ്വദേശിയായ പ്രാദേശിക ബിജെപി നേതാവാണ് സംഭവത്തില്‍ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ രണ്ടു സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിജെപി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹ്തോ ആണ് അറസ്റ്റിലായ നേതാവ്. ഇയാളെ കൂടാതെ സന്തോഷ് സിങ്ങിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ ഛോട്ടു റാണ എന്ന വ്യക്തി രാംഗഡ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. മൂന്നു പേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡയിൽ എടുത്തു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്‍സാരിയെ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു കൊലപ്പെടുത്തിയത്. കാറിനുള്ളില്‍ ബീഫുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മര്‍ദനത്തിന് ശേഷം അന്‍സാരിയുടെ കാറിന് അക്രമികള്‍ തീവെക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഹാതോയുടെ നേതൃത്വത്തിലാണ് അന്‍സാരിയെ അക്രമിസംഘം ആക്രമിച്ചതെന്നും ഇയാള്‍ അന്‍സാരിയെ ആക്രമിസംഘം മര്‍ദിക്കുന്നത് യാതൊരു ദയയുമില്ലാതെ നോക്കിനില്‍ക്കുക ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവം യാദൃശ്ചികമല്ലെന്നും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും പൊലീസ് അറിയിച്ചു.

ഗോസംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നതും മനുഷ്യരെ കൊല്ലുന്നതും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു മണിക്കൂറുകൾക്കമാണ് സംഭവം ഉണ്ടായത്. ജാർഖണ്ഡ‍ിൽ ഈ മാസം പശുസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. കഴിഞ്ഞ ചൊവ്വാഴ്ച ജാർഖണ്ഡിലെ ഗിരിധി ഗ്രാമത്തിൽ വീടിനു പുറത്തു പശുവിന്റെ ജഡം കണ്ടെത്തിയതിനെത്തുടർന്നു പാൽവിൽപനക്കാരനെ മർദിച്ചശേഷം വീടിനു തീയിട്ടിരുന്നു. കഴിഞ്ഞ മാസം സംസ്ഥാനത്തു കന്നുകാലിക്കച്ചവടക്കാരായ നാലുപേർക്കെതിരെയും ആക്രമണമുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ