ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്‌ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതിയുടെ പേരിൽ സ്ത്രീകളെ അപമാനിച്ച വിടുതലൈ സിരുതൈഗൽ കാച്ചി (വിസികെ) നേതാവും എംപിയുമായ തിരുമാവളവന് എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടയിലാണ് ഖുശ്ബുവിനെ ചെംഗൽപേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമാവളവൻ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോവുകയായിരുന്നു ഖുശ്ബു.

കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തന്നെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്ത വിവരം ഖുശ്ബു തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. “സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി അവസാനശ്വാസം വരെ പോരാടുമെന്ന്,” ട്വീറ്റ് പങ്കുവച്ചുകൊണ്ട് ഖുശ്ബു കുറിച്ചു. വിസികെ സ്ത്രീകളെ ഭീരുക്കൾ എന്നു വിളിക്കുന്നതിനെ ഖുശ്ബു അപലപിച്ചു. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം മറ്റു പാർട്ടികൾക്ക് അനുവദിക്കുമ്പോൾ തങ്ങൾക്ക് മാത്രം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോട് ഖുശ്ബു ചോദിച്ചു.

തിരുമാവളവനെ ‘അണ്ണാ’ (സഹോദരൻ) എന്നാണ് താൻ വിളിച്ചിരുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ പരാമർശനത്തിനു ശേഷം അങ്ങനെ അഭിസംബോധന ചെയ്യാൻ കഴിയില്ലെന്നും വീഡിയോയിൽ ഖുശ്ബു പറഞ്ഞു.

“ചിദംബരത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ, കടലൂർ വരെയെങ്കിലും ഞങ്ങളെ പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നു. എന്നാൽ ഞങ്ങൾ മുട്ടുക്കാട് കടന്നപ്പോഴേക്കും അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തോട് ഒരുപാട് ആദരവുണ്ടായിരുന്നതിനാൽ ഞാനദ്ദേഹത്തെ അണ്ണാ എന്നായിരുന്നു വിളിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മോശം പരാമർശം കണ്ടതിനു ശേഷം എനിക്കെങ്ങനെ അദ്ദേഹത്തെ അങ്ങനെ കാണാനാവും? ഏതാണ്ട് മൂവായിരം വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഒരു കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അംബേദ്കർ എഴുതിയ ഭരണഘടന അനുസരിച്ചാണ് നാം ജീവിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിവാദം അനാവശ്യമാണ്. ഇതുപോലൊരു വിവാദം സൃഷ്ടിച്ച് നിങ്ങൾ (തിരുമാവളവൻ) എന്താണ് നേടാൻ പോവുന്നത്? ബിജെപി ഹിന്ദു സ്ത്രീകൾക്ക് എതിരെയാണെന്ന് നിങ്ങൾ ചിത്രീകരിക്കാൻ പോവുകയാണോ? ഞങ്ങളെവിടെയാണ് അങ്ങനെ സംസാരിച്ചത്. നിങ്ങളാണ് എപ്പോഴും അങ്ങനെ ചെയ്യുന്നത്. ഇന്ന് ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു, പക്ഷേ നാളെ വീണ്ടും ഞങ്ങൾ പ്രതിഷേധിക്കും. തിരുമാവളവൻ ക്ഷമ ചോദിക്കും വരെ ഞങ്ങൾ ഈ വിഷയം ഉപേക്ഷിക്കാൻ പോവുന്നില്ല. ബിജെപിയുടെ ഈ പ്രതിഷേധം ഈ രാജ്യത്തെ ഓരോ സ്ത്രീക്കും പെൺമക്കൾക്കുമുള്ളതാണ്, ”വീഡിയോയിൽ ഖുശ്ബു പറഞ്ഞു.

തി​രു​മാ​വ​ള​വ​ന്‍റെ എംപിയുടെ പ്ര​സ്താ​വ​ന തമിഴ് നാട്ടിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച വി‌സി‌കെ നേതാവ് തി​രു​മാ​വ​ള​വ​ൻ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഈറോഡ് സന്ദർശിച്ചപ്പോൾ ബിജെപി പ്രവർത്തകർ അദ്ദേഹത്തിന്റെ വാഹനം തടയാൻ ശ്രമിക്കുകയും കറുത്ത പതാകകൾ കാണിക്കുകയും എംപിയ്ക്ക് എതിരെ മുദ്രാവാക്യം വിളിക്കുകയും മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമീപത്തുണ്ടായിരുന്ന വിസികെ അനുയായികൾ സമരക്കാർക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെ പ്രശ്നം രൂക്ഷമാകുകയും പൊലീസ് ഇടപ്പെട്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയുടെ പരാതിയെത്തുടർന്ന് തി​രു​മാ​വ​ള​വ​ന്‍റെ എംപിയ്ക്ക് എതിരെ ചെന്നൈ പൊലീസ് കേസെടുത്തിട്ടുണ്ട്. മതപരമായ വികാരം വ്രണപ്പെടുത്തി, മതത്തെ അപകീർത്തിപ്പെടുത്തി എന്നു തുടങ്ങി നിരവധി ഐപിസി വകുപ്പുകൾ പ്രകാരമാണ് എംപിയ്ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Read more: ‘എനിക്ക് തെറ്റുപറ്റി’ കോണ്‍ഗ്രസിനോട് മാപ്പ് ചോദിച്ച് ഖുശ്ബു

കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുശ്ബു അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ.എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്‌ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ നേരായ പാതയിൽ നയിക്കാൻ മോദിയെ പോലുള്ള ഭരണാധികാരികൾ വേണമെന്നാണ് ബിജെപി അംഗത്വം ഏറ്റുവാങ്ങികൊണ്ട് ഖുശ്‌ബു പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook