ചെന്നൈ: സാമൂഹ്യ പരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമയ്ക്കു നേരെ കല്ലെറിഞ്ഞ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അഭിഭാഷകന് ബിജെപി ഭാരവാഹിയാണ് എന്നാണ് അറിയുന്നത്. പെരിയാറിന്റെ ജന്മദിനമാണ് ഇന്ന്.
പെരിയാറിന്റെ അനുയായികളും വിവിധ സംഘടനയിലുള്ളവരും അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അനുസ്മരണം നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടന്‍ തന്നെ അഭിഭാഷകനെ അറസ്റ്റു ചെയ്തുവെന്നും ഇപ്പോള്‍ ചോദ്യം ചെയ്തു വരികയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഡി.ജഗദീശന് പറഞ്ഞു.
പെരിയാറിനെ അപമാനിക്കുക എന്നു പറഞ്ഞാല്‍ തമിഴ് ജനതയെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.
അണ്ണാശാലയ്ക്കടുത്തും മോട്ടോര്‍സൈക്കിളില്‍ പോകുന്നയാള്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ ചെരിപ്പെറിഞ്ഞിരുന്നു. വിടുതലൈ സിരുതൈഗള്‍ കക്ഷി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യോഗത്തിനിടയിലായിരുന്നു സംഭവം.