പട്‌ന: ബുലന്ദ്ഷഹർ ആൾക്കൂട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന ആവശ്യത്തെ തളളി ബിജെപി എംഎൽഎ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നവർ കൊല്ലപ്പെട്ട രണ്ടുപേരുടെ ജീവനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ചത്തുപോയ 21 പശുക്കളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ബിജെപി എംഎൽഎ സഞ്ജയ് ശർമ്മ പറഞ്ഞു.

ബുലന്ദ്ഷഹർ ആൾക്കൂട്ട ആക്രമണത്തെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 80 പേരടങ്ങിയ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘം തുറന്ന കത്തെഴുതിയിരുന്നു. ആദിത്യനാഥിന് മതഭ്രാന്താണെന്നും പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങും പ്രദേശവാസി സുമിത് കുമാറും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് മുഖ്യമന്ത്രിയും ഉത്തരവാദിയാണെന്നും അതിനാൽ അദ്ദേഹം രാജിവയ്ക്കണമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം.

ഉദ്യോഗസ്ഥരുടെ കത്തിനാണ് അനൂപ്ഷഹറിൽനിന്നുള്ള എംഎൽഎയായ സഞ്ജയ് ശർമ്മ മറുപടി നൽകിയത്. ”എല്ലാവരും ബുലന്ദ്ഷഹർ സംഭവത്തെക്കുറിച്ചാണ് വ്യാകുലരാകുന്നത്. സുമിത്, പൊലീസ് ഇൻസ്പെക്ടർ എന്നീ രണ്ടുപേരുടെ മരണം മാത്രമേ നിങ്ങൾ കണ്ടുള്ളൂ. 21 പശുക്കളും ചത്തിരുന്നു. അത് നിങ്ങൾ കണ്ടില്ലേ?,” എംഎൽഎ ശർമ്മ ചോദിച്ചു. പശുക്കളെ കൊന്നവരാണ് യഥാർത്ഥ കുറ്റവാളികളെന്നും ഗോമാതയെ കൊന്നതിനെ തുടർന്നാണ് ജനങ്ങൾ രോഷാകുലരായതെന്നും എംഎൽഎ സംഘർഷത്തെ ന്യായീകരിച്ചു പറഞ്ഞു.

ഗോവധം ആരോപിച്ചു നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് പൊലീസ് ഇൻസ്പെകടറായ സുബോധ് കുമാർ സിങ്ങും ഒരു യുവാവും കൊല്ലപ്പെട്ടത്. സംഘർഷം നിയന്ത്രിക്കാനായി വെടിവച്ചതിനെ തുടർന്ന് സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതിനിടെ പരുക്കേറ്റ സുബോധ് കുമാറിനെയും മറ്റൊരു പൊലീസുകാരനെയും ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് അക്രമികൾ പൊലീസ് വാൻ തടഞ്ഞ് സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ