ആഗ്ര: ഐഎഎസ് ഓഫിസറെ പൊതുജന മധ്യത്തിൽ ഭീഷണിപ്പെടുത്തി ബിജെപി എംഎൽഎ. ഫതേപൂർ സിക്രി എംഎൽഎ ഉദയ്ഭാൻ ചൗധരിയാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ഗരിമ സിങ്ങിനെ പരസ്യമായി ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

”ഞാനൊരു എംഎൽഎയാണെന്ന് നിങ്ങൾക്കറിയില്ലേ? എന്റെ അധികാരം എന്താണെന്നും ജനാധിപത്യത്തിന്റെ ശക്തി എന്താണെന്നും നിങ്ങൾക്കറിയില്ലേ?,” എന്ന് എംഎൽഎ ഗരിമ സിങ്ങിനോട് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. കർഷകരുടെ വായ്പ പ്രശ്നവുമായി ബന്ധപ്പെട്ടാണ് എംഎൽഎ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ കാണാനെത്തിയത്. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ ഉദ്യോഗസ്ഥർ മടിക്കുകയാണെന്ന് എംഎൽഎ ആരോപിച്ചു.

അതേസമയം, വീഡിയോ വൈറലായതോടെ സംഭവത്തിൽ അതൃപ്തി അറിയിച്ച് ഐഎഎസ് അസോസ്സിയേഷൻ രംഗത്തെത്തി. ഐഎഎസ് ഓഫിസർമാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എംഎൽഎയുടെ ഭീഷണിപ്പെടുത്തിയിട്ടും ധൈര്യപൂർവ്വം നിന്ന ഗരിമ സിങ്ങിനെ അഭിനന്ദിക്കുന്നതായും അസോസ്സിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എംഎൽഎയുടെ പ്രവൃത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ ശക്തി എന്താണെന്ന് ചൗധരിക്ക് മനസ്സിലാകുമെന്നും ഞങ്ങളാണ് അവർക്ക് വോട്ട് ചെയ്തതെന്ന കാര്യം രാഷ്ട്രീയ നേതാക്കൾ മറക്കുന്നുവെന്ന അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ