ന്യൂഡൽഹി: പാര്‍ലമെന്‍ററി സമിതികളില്‍ കോണ്‍ഗ്രസിന് മാറ്റിനിർത്തി കേന്ദ്രസർക്കാർ. ലോക്സഭയിൽ 52 സീറ്റുകളിലേക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് നിർണായകമായ സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അധ്യക്ഷസ്ഥാനം ഇത്തവണ കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പാര്‍ലമെന്‍റിന്‍റെ ധന, വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി.

കഴിഞ്ഞ ലോക്‌സഭ കാലത്ത് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ധനകാര്യ സമിതിയുടെ അധ്യക്ഷനായി ജയന്ദ് സിൻഹയാണ് അധികാരമേറ്റിരിക്കുന്നത്. ശശി തരൂർ എംപി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന വിദേശകാര്യ സമിതിയുടെ പുതിയ അധ്യക്ഷൻ പി.പി.ചൗദരിയാണ്. വീരപ്പമൊയ്ലി 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

Also Read: ഒരു രാജ്യം, ഒരു ഭാഷ; രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്ന് അമിത് ഷാ

ഐഎന്‍എക്സ് മീഡിയ കേസില്‍ ഉള്‍പ്പെട്ട പി ചിദംബരത്തിന് പകരം രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മ ആഭ്യന്തര കാര്യങ്ങള്‍ക്കുള്ള സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷനാകും. കോണ്‍ഗ്രസ് എംപി ശശി തരൂരിന് ഐടി സമിതി അധ്യക്ഷ സ്ഥാനം നൽകിയിട്ടുണ്ട്. രാജ്യസഭാ എംപി സുരേഷ് ഗോപിയും ഐടി സമിതിയിൽ അംഗമാണ്.

പ്രധാന പ്രതിപക്ഷപ്പാര്‍ട്ടിക്ക് സുപ്രധാന പാര്‍ലമെന്‍ററി സമിതികളില്‍ ചിലതിന്‍റെ അധ്യക്ഷ സ്ഥാനം നല്‍കുകയെന്നത് കീഴ്‍വഴക്കമാണ്. എന്നാല്‍ ലോക്സഭയില്‍ ബിജെപിയുടെ അംഗബലം വര്‍ധിച്ച സാഹചര്യത്തില്‍ കീഴ്‍വഴക്കം പുനപരിശോധിക്കുകയാണ് പാര്‍ലമെന്‍ററികാര്യമന്ത്രാലയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook