കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കലാപം ശക്തമാകാൻ മതസ്പര്‍ദ പടര്‍ത്തുന്ന വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ബിജെപി ഐടി സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(സിഐഡി) ആണ് തരുൺ സെൻഗുപ്തയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സെന്‍ഗുപ്തക്കെതിരേ കേസെടുത്തിരിക്കുന്നത്.

തരുണ്‍ സെന്‍ഗുപ്തയെ സുരിയിലെ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐഡി അറിയിച്ചു. അസന്‍സോളിലെ ഹിരാപുരില്‍ വെച്ചാണ് സെന്‍ഗുപ്ത പിടിയിലാകുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ സമാനമായ കേസില്‍ പിടിയിലാകുന്ന മൂന്നാമത്തെ ആളാണ് സെന്‍ഗുപ്ത.

വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ്‌ ബിജെപി നേതാക്കള്‍ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബിജെപി വക്താവിനെതിരേ കോല്‍ക്കത്ത പോലീസ് എഫ്‌ഐആര്‍ ചുമത്തിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ ആള്‍കൂട്ടം വണ്ടിക്ക് തീവയ്ക്കുന്ന ചിത്രമാണ് നൂപുര്‍ ശര്‍മ ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. പശ്ചിമബംഗാളിലെ നീതിരാഹിത്യത്തിനും മനുഷ്യജീവനുവിലയില്ലാത്ത അവസ്ഥയിലും പ്രതിഷേധിക്കുവാനായി ജന്തര്‍ മന്തറില്‍ എത്തിചേരണം എന്നു പറഞ്ഞുകൊണ്ടായിരുന്നു ബിജെപി വക്താവിന്‍റെ ട്വീറ്റ്.

പശ്ചിമബംഗാള്‍ പൊലീസും ട്വിറ്ററിലൂടെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളോട് വ്യാജപ്രൊഫൈലുകള്‍ വഴി തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവരുടെ കെണിയില്‍ പെടരുത് എന്നാണ് പശ്ചിമബംഗാള്‍ പൊലീസിന്‍റെ മുന്നറിയിപ്പ്. “ചിലര്‍ മറ്റു രാജ്യങ്ങളില്‍/പ്രദേശങ്ങളില്‍ നിന്നുമുല്ല പഴയ വീഡിയോകല്‍ പശ്ചിമബംഗാളില്‍ നടന്ന സംഭവം എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിന്‍റെ വാസ്തവം അറിയപ്പെടണം എങ്കില്‍ ഞങ്ങളുമായ് ബന്ധപ്പെടുക. സമുദായങ്ങളുടെ ഇടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രചരണങ്ങളെ സാരമാക്കരുത് എന്ന്‍ ഞങ്ങള്‍ എല്ലാവരോടുമായ് അഭ്യര്‍ത്ഥിക്കുന്നു.” പശ്ചിമബംഗാള്‍ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.

ബംഗാൾ വർഗീയ കലാപത്തി​നിടെ സംഭവിച്ചതെന്ന പേരില്‍ സിനിമയില്‍ നിന്നെടുത്ത ചിത്രം പ്രചരിപ്പിച്ചയാൾ നേരത്തെ അറസ്​റ്റിലാവുകയും ചെയ്തിരുന്നു. ബംഗാളിലെ നോർത്ത് 24 പര്‍‍ഗാനാസിലെ കലാപത്തിന്‍റേതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ ദൃശ്യം പ്രചരിപ്പിച്ചയാളാണ് പിടിയിലായത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് പിന്നാലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ ആളുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

‘ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ’ എന്ന അടിക്കുറുപ്പോടെ ഒരു സ്ത്രീയുടെ വസ്ത്രമഴിക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുന്ന ചിത്രം ബിജെപി ഹരിയാന സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം വിജേത മാലിക്കും പങ്കുവെച്ചിരുന്നു. മനോജ് തിവാരി അഭിനയിച്ച ഭോജ്പൂരി ചിത്രത്തിലെ ഒരു രംഗമാണ് ബിജെപി നേതാവ് പങ്കുവെച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ