ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് കാരണക്കാര്‍ നരേന്ദ്ര മോദിയും അമിത് ഷായും ആണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുന്‍ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. മോദി തരംഗം പാഴായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യപരമായ രീതിയിലുളള രാഹുലിന്റെ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോദിക്ക് പകരക്കാരന്‍ ഇല്ലെന്നാണ് ബിജെപി പറഞ്ഞത്. പക്ഷെ പകരക്കാരനെ ജനങ്ങള്‍ അടുത്ത് തന്നെ തിരഞ്ഞെടുക്കും. രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് നിന്ദിക്കാന്‍ ഇനി ബിജെപി 10 തവണ ആലോചിക്കും,’ സിന്‍ഹ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതിന് പിന്നാലെ ജാര്‍ഖണ്ഡില്‍ നിന്നുളള നിരവധി ബിജെപി നേതാക്കള്‍ തന്നെ വിളിച്ച് സ്വന്തം പാര്‍ട്ടിയുടെ പതനത്തില്‍ സന്തോഷം രേഖപ്പെടുത്തി സംസാരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

‘മോദിയെ പാര്‍ട്ടിയിലുളളവര്‍ക്ക് തന്നെ പേടിയാണ്. ഇത്ര വലിയ പരാജയം ഉണ്ടായിട്ടും മോദിക്കെതിരെയോ അമിത് ഷായ്ക്ക് എതിരെയോ പാര്‍ട്ടിയില്‍ ഉളള ആരും ശബ്ദം ഉയര്‍ത്തിയിട്ടില്ല. കഴിഞ്ഞ നാലര വര്‍ഷക്കാലം പാര്‍ട്ടിയിലെ പാദസേവകര്‍ മോദിയെ സേവിക്കുകയായിരുന്നു. മോദി തെറ്റൊന്നും ചെയ്യില്ല എന്നായിരുന്നു അവരുടെ വിശ്വാസം. ദൈവമായി കളിക്കാമെന്ന് മോദിയും ചിന്തിച്ചു. അദ്ദേഹത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഈ പരാജയം,’ സിന്‍ഹ പറഞ്ഞു.

‘റഫേല്‍ അടക്കമുളള തീരുമാനങ്ങളില്‍ മന്ത്രിമാര്‍ക്കൊന്നും ഒരു പങ്കുമില്ല. എല്ലാ നയങ്ങളും സ്വീകരിക്കുന്നത് മോദിയും അമിത് ഷായും ആണ്. ഇപ്പോള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പോലും ട്വിറ്റര്‍ മന്ത്രിയായി ഒതുങ്ങി. വാജ്പേയിയുടെ കാലത്ത് ഞാന്‍ വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ എന്നോട് കൂടിയാലോചിക്കുകയും വിദേശപര്യടനങ്ങള്‍ ഒരുമിച്ച് നടത്തുകയും ചെയ്യും. എന്നാല്‍ ഇന്ന് മന്ത്രിസ്ഥാനവും രാഷ്ട്രീയവത്കരിക്കപ്പെട്ടു,’ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook