ന്യൂഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അനായാസം ജയിക്കാനാവുമെന്ന പ്രതീക്ഷ പുലര്‍ത്തുന്ന ബിജെപി, കഴിയുന്നത്ര വോട്ടുകള്‍ ഉറപ്പാക്കാന്‍ സുഹൃദ് പാര്‍ട്ടികളെ സമീപിക്കാനാരംഭിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പട്നയില്‍ സന്ദര്‍ശിച്ചു.
ജെഡിയുവും ബി ജെ പിയും തമ്മിലുള്ള അകലം വര്‍ധിക്കുന്നതു സംബന്ധിച്ച് ഇരുപക്ഷത്തുനിന്നും സംസാരം ഉയരുന്ന സാഹചര്യത്തില്‍ നിശബ്ദ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമേറെയാണ്. നിതീഷ് കുമാറിനെ ബിഹാറില്‍നിന്ന് മാറ്റി ഉപരാഷ്ട്രപതി ഉള്‍പ്പെടെയുള്ള കേന്ദ്ര സ്ഥാനത്തേക്ക് ഉയര്‍ത്തുമെന്ന സംസാരവും നിലനിൽക്കുന്നുണ്ട്.
”മുഖ്യമന്ത്രിയുമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രിയുമായി രണ്ടു മണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സംസ്ഥാന ഘടകത്തെപ്പോലും അറിയിച്ചിട്ടില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ പിന്തുണ ഉറപ്പാക്കാന്‍ സുഹൃദ് മുഖ്യമന്ത്രിമാരെ കാണാനുള്ള ബിജെപി ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് അറിയിച്ചിരിക്കുന്നത്,” ബിഹാര്‍ ബിജെപി വൃത്തം പറഞ്ഞു.
ഇരു തിരഞ്ഞെടുപ്പുകളിലും എന്‍ഡിഎ സുഗമമായി നിലകൊള്ളുമ്പോള്‍, സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നതായാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ള സൂചന. നേരത്തെ എതിരാളികള്‍ നിര്‍ത്തിയ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ നിതീഷ് പിന്തുണച്ചിരുന്നു. 2012ല്‍, എന്‍ഡിഎയുടെ ഭാഗമായിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായിരുന്ന പ്രണബ് മുഖര്‍ജിയെ അദ്ദേഹം പിന്തുണച്ചിരുന്നു. 2017ല്‍, ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും മഹാസഖ്യത്തിലായിരിക്കെ പ്രതിപക്ഷ നോമിനി മീരാ കുമാറിനു പകരം രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനായിരുന്നു നിതീക്ഷ് കുമാറിന്റെ തീരുമാനം.
Also Read: രാജ്യത്ത് 3,805 പേര്‍ക്ക് കോവിഡ്; സജീവ കേസുകള്‍ 20,000 കടന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും തമ്മില്‍ കൂടിയാലോചന നടത്തിയശേഷമാണ് നിതീഷുമായുള്ള ചര്‍ച്ചയ്ക്കു ധര്‍മേന്ദ്ര പ്രധാനിനെ അയയ്ക്കാന്‍ തീരുമാനിച്ചതെന്നാണു ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം. ഒരാഴ്ച മുമ്പ് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത മറ്റൊരു ഉന്നതതല യോഗവും രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ പറഞ്ഞു.
ജെഡിയുവിനു പുറമെ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ബിജെപി. ബി.ജെ.പിക്കൊപ്പം വോട്ടുചെയ്യാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് ഇരു് പാര്‍ട്ടികളിലെയും വൃത്തങ്ങള്‍ പറഞ്ഞു. ”ഉന്നത നേതൃത്വം മുതിര്‍ന്ന മന്ത്രിമാരെ വരും ദിവസങ്ങളില്‍ ഇരു പാര്‍ട്ടികളുടെയും മുഖ്യമന്ത്രിമാരുടെ അടുത്തേക്ക് അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഒരു നേതാവ് പറഞ്ഞു.
ഓഗസ്റ്റില്‍ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു പ്രതീക്ഷയേറെയാണ്. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാര്‍ക്കാണ് വോട്ട് അവകാശമെന്നിരിക്കെ ഇരുസഭകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.
അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തകര്‍പ്പന്‍ പ്രകടനം രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബിജെപിയുടെ മുന്‍തൂക്കം ഉറപ്പിച്ചു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ടറല്‍ കോളേജില്‍ ലോക്സഭയിലെയും (543) രാജ്യസഭയിലെയും (233) 776 എംപിമാരും ഡല്‍ഹിയിലെയും പുതുച്ചേരിയിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാന നിയമസഭകളിലെയും എംഎല്‍എമാരും ഉള്‍പ്പെടുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് മൊത്തം വോട്ടുകള്‍ കണക്കാക്കപ്പെടുന്നത്. ഒരോ സംസ്ഥാനത്തെയും വോട്ടിന്റെ മൂല്യത്തിനു വ്യത്യാസമുണ്ട്. ഉത്തര്‍പ്രദേശ് എംഎല്‍എമാരുടെ വോട്ടിനാണ് ഏറ്റവും ഉയര്‍ന്ന മൂല്യം. തുടര്‍ന്ന് മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എംഎല്‍എമാരുടെ വോട്ടുകള്‍ക്കും.
അതേസമയം, ബിഹാറില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. ”എന്‍ഡിഎ സഖ്യത്തിന്റെ പ്രതിച്ഛായയും സര്‍ക്കാരിന്റെ കെട്ടുറപ്പും തകര്‍ക്കാന്‍ സാധ്യതയുള്ളതാണ് പരസ്യമായ പ്രസ്താവനകള്‍. നിതീഷിനെ മാറ്റി മറ്റൊരു മുഖം കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതി സംസ്ഥാന ബിജെപി നേതാക്കള്‍ സൃഷ്ടിക്കാന്‍ ദേശീയ നേതൃത്വം ആഗ്രഹിക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പുവരെ മാറ്റത്തിനുള്ള മാനസികാവസ്ഥയിലായിരിക്കുമെന്ന് തോന്നുന്നില്ല,” ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു.
മുതിര്‍ന്ന ബിജെപി നേതാവ് നിത്യാനന്ദ് റായിയെ ബിഹാര്‍ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ശ്രമിക്കുന്നതായി നിതീഷ് ക്യാമ്പില്‍ നിന്നുള്ള സൂചനകള്‍ക്കു തൊട്ടുപിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ സന്ദര്‍ശനം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ”മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുള്ള കൂടിക്കാഴ്ചയില്‍ നിന്നുള്ള സന്ദേശം (പ്രധാനിന്റെയും നിതീഷിന്റെയും) വ്യക്തമാണ്. സഖ്യം സുഗമമാകണമെന്നും നിതീഷിന്റെ നേതൃത്വം സംസ്ഥാന ഘടകം അംഗീകരിക്കണമെന്നും ബിജെപി ആഗ്രഹിക്കുന്നു,”അദ്ദേഹം പറഞ്ഞു.