ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്കെതിരെ ബിജെപി. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനാണ് രാഹുൽ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്. രാഹുലിന്റെ പരാമർശങ്ങൾ തോറ്റുപോയവന്റെ വാചകമടി മാത്രമാണെന്ന് അവർ പ്രതികരിച്ചു.

അമിത് ഷാ പ്രതിയായ ജസ്റ്റിസ് ലോയ വധക്കേസ് പരാമർശങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. “കളവ് പ്രചരിപ്പിക്കുകയാണ്” രാഹുൽ ഗാന്ധിയെന്ന് ആരോപിച്ചാണ് പ്രതിരോധ മന്ത്രി കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗങ്ങൾ, “തോറ്റുപോയവന്റെ വാചകമടി,” എന്ന് പറഞ്ഞത്.

“കോടതി തന്നെ നിരപരാധിയെന്ന് വിധിച്ച കേസിലാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ പരാമർശം. നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ ജാമ്യത്തിൽ കഴിയുന്നയാളാണ് നിരപരാധിയായ ഒരാളെ കൊലപാതകിയെന്ന് കുറ്റപ്പെടുത്തിയത്,” നിർമ്മല പറഞ്ഞു.

“തിരഞ്ഞെടുപ്പ് സമയമായതിനാലാണ് കോൺഗ്രസ് ഇപ്പോൾ കർഷകരെ കുറിച്ച് സംസാരിക്കുന്നത്. കർഷകർക്ക് വേണ്ടി എന്താണ് കോൺഗ്രസ് ചെയ്തിട്ടുളളത്? ∙ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ് പോലുള്ളിടങ്ങളിൽ ഇരട്ട സംഖ്യാ വളർച്ചയാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയുടെ അവസ്ഥയെന്താണ്?” പ്രതിരോധ മന്ത്രി ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ