ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുടുംബത്തെയും കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുവെന്ന് ആരോപിച്ച് കോൺഗ്രസ്. ചിറ്റാപൂരിലെ ബിജെപി സ്ഥാനാർത്ഥി മണികണ്ഠ റാത്തോഡും ബിജെപി പ്രവർത്തകനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പുറത്തുവിട്ടു. ഖാർഗെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് അതിൽ പറയുന്നത് കേൾക്കാം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റാത്തോഡിനോട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തെ കുറിച്ച് ഒരു പ്രാദേശിക ബിജെപി നേതാവ് രവി ചോദിക്കുന്നുണ്ട്. ഇതിന് ഖാർഗെയെക്കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചശേഷം തനിക്കെതിരെ രജിസ്റ്റർ ചെയ്ത 44 കേസുകളുടെ ലിസ്റ്റ് കോൺഗ്രസ് നേതാക്കളിൽ നിന്ന് വാങ്ങാൻ രവിയോട് ബിജെപി സ്ഥാനാർത്ഥി ആവശ്യപ്പെടുന്നതും ഓഡിയോയിൽ കേൾക്കാം.
കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഖാർഗെ ക്യാംപിൽനിന്നുള്ള ആരുടെയെങ്കിലും ഫോൺ നമ്പർ രവി ചോദിക്കുന്നുണ്ട്. അവരുടെ നമ്പർ തന്റെ പക്കൽ ഇല്ലെന്നും ഉണ്ടായിരുന്നെങ്കിൽ (ഖർഗെയുടെ) ഭാര്യയെയും മക്കളെയും ഇല്ലാതാക്കുമായിരുന്നെന്നും റാത്തോഡ് മറുപടി നൽകി.
കർണാടകയിൽ കോൺഗ്രസ് പാർട്ടിയുടെ വിജയ സാധ്യതകൾ ബിജെപിയെ ഭയപ്പെടുത്തിയെന്നും എഐസിസി അധ്യക്ഷനെ കൊല്ലാൻ ബിജെപി നേതൃത്വം ഗൂഢാലോചനം നടത്തിയെന്നും സുർജേവാല പറഞ്ഞു. കർണാടക പാർട്ടിക്ക് കന്നഡക്കാരിൽനിന്നുള്ള എല്ലാ അനുഗ്രഹങ്ങളും കാവി പാർട്ടിയെ ഭയപ്പെടുത്തിയെന്ന് സുർജേവാല അവകാശപ്പെട്ടു.
ബിജെപി നേതൃത്വത്തിന്റെ നിരാശ ഇപ്പോൾ അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. കർണാടകയുടെ വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനുപകരം, 40 ശതമാനം അഴിമതിക്ക് (ആരോപണങ്ങൾ) ഉത്തരം നൽകുന്നതിൽ നിന്ന് ഒളിച്ചോടാൻ അവർ ദിവസവും വൃത്തികെട്ട രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നത് ബിജെപിയുടെ ദയനീയമായ അവസ്ഥ ചൂണ്ടിക്കാട്ടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്നും നാളെയും നടക്കും. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് ഒരേ വേദി പങ്കിടും. ഹുബ്ബള്ളിയിൽ വൈകിട്ടു നടക്കുന്ന സമ്മേളനത്തിലാണു ഇരുവരും പങ്കെടുക്കുക. സംസ്ഥാനത്ത് സോണിയ പങ്കെടുക്കുന്ന ഏക തിരഞ്ഞെടുപ്പു യോഗവുമാണിത്.
മേയ് 10നാണ് കർണാടക തിരഞ്ഞെടുപ്പ് നടക്കുക. മേയ് 13ന് ഫലം പ്രഖ്യാപിക്കും.