scorecardresearch

ബിജെപിയുടെ വരുമാനത്തിലും തിരഞ്ഞെടുപ്പ് ചെലവുകളിലും വൻ വർധനവെന്ന് ഓഡിറ്റ് റിപ്പോർട്ട്

ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിലാണ് ബിജെപിയുടെ വരുമാനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ചെലവഴിക്കുന്ന തുകയിലും ഉണ്ടായ വൻ വർധനവിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്

ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിലാണ് ബിജെപിയുടെ വരുമാനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ചെലവഴിക്കുന്ന തുകയിലും ഉണ്ടായ വൻ വർധനവിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്

author-image
Damini Nath
New Update
BJP

ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും പൊതുപ്രചാരണങ്ങൾക്കുമായി ചെലവഴിച്ചത് 3,335.36 കോടി രൂപയാണ്

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ സാമ്പത്തിക ശക്തിയായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) തങ്ങളുടെ ആധിപത്യം തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിലാണ് ബിജെപിയുടെ വരുമാനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ചെലവഴിക്കുന്ന തുകയിലും ഉണ്ടായ വൻ വർധനവിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

Advertisment

18-ാം ലോക്‌സഭയിലേക്കും എട്ട് സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്ന 2024-25 സാമ്പത്തിക വർഷത്തിൽ, ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും പൊതുപ്രചാരണങ്ങൾക്കുമായി ചെലവഴിച്ചത് 3,335.36 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 17-ാം ലോക്‌സഭയിലേക്കും ഏഴ് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്ന 2019-20 കാലയളവിൽ ചെലവഴിച്ച 1,352.92 കോടി രൂപയുടെ ഏകദേശം രണ്ടര മടങ്ങാണ് ഈ തുക.

Also Read: പ്രതിരോധം, ഊർജം, വ്യാപാരം; യുഎഇയുമായി തന്ത്രപ്രധാന കരാറുകളിൽ ഒപ്പിട്ട് ഇന്ത്യ

2024 മാർച്ച് 16-നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. അതിനാൽ പ്രചാരണ പ്രവർത്തനങ്ങൾ 2023-24 സാമ്പത്തിക വർഷത്തിൽ തന്നെ ആരംഭിച്ചിരുന്നു. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ 44 ദിവസങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള വർഷമായ 2023-24-ൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും മറ്റുമായി 1,754.06 കോടി രൂപയാണ് പാർട്ടി ചെലവഴിച്ചത്.

അതനുസരിച്ച്, 18-ാം ലോക്‌സഭയിലേക്കും എട്ട് നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് വർഷത്തെ (തിരഞ്ഞെടുപ്പ് വർഷവും അതിന് തൊട്ടുമുമ്പുള്ള വർഷവും) മൊത്തം ചെലവ് 5,089.42 കോടി രൂപയാണ്. ഇത് 17-ാം ലോക്‌സഭയിലേക്കും ഏഴ് നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് വർഷത്തെ ആകെ ചെലവായ 2,145.31 കോടി രൂപയുടെ ഇരട്ടിയിലധികമാണ്.

മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു 2019-20, 2024-25 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നത്. 2024-25ൽ ഈ ഏഴ് സംസ്ഥാനങ്ങൾക്ക് പുറമെ ജമ്മു കശ്മീരിലും വോട്ടെടുപ്പ് നടന്നു.

Also Read: വന്ദേ ഭാരത് സ്ലീപ്പർ; ടിക്കറ്റ് റദ്ദാക്കാൻ വൈകിയാൽ മുഴുവൻ തുകയും നഷ്ടപ്പെടും

2025 ഡിസംബർ 27-ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുകയും ഈ ആഴ്ച കമ്മീഷൻ പ്രസിദ്ധീകരിക്കുകയും ചെയ്ത വാർഷിക റിപ്പോർട്ട് പ്രകാരം, പാർട്ടിയുടെ ആകെ ചെലവിന്റെ (3,774.58 കോടി രൂപ) 88 ശതമാനവും തിരഞ്ഞെടുപ്പ് ചെലവുകളാണ്. തിരഞ്ഞെടുപ്പ്/പൊതു പ്രചരണത്തിനായുള്ള ആകെ ചെലവിൽ 68 ശതമാനവും (2,257.05 കോടി രൂപ) പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കുമായാണ് വിനിയോഗിച്ചത്. ഇതിൽ ഇലക്ട്രോണിക് മീഡിയ വഴിയുള്ള പ്രചരണത്തിനായിരുന്നു ഏറ്റവും ഉയർന്ന ചെലവ് (1,124.96 കോടി രൂപ). 

പരസ്യങ്ങൾക്കായി 897.42 കോടി രൂപയും ചെലവഴിച്ചു. വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കുമായി പാർട്ടി 583.08 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർത്ഥികൾക്കുള്ള സാമ്പത്തിക സഹായമായി 312.90 കോടി രൂപയാണ് പാർട്ടി നൽകിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവ് 2018-2019-ൽ 792.39 കോടി രൂപയായിരുന്നത് 2019-2020-ൽ 1,352.92 കോടി രൂപയായി വർദ്ധിച്ചു.

മറുഭാഗത്ത്, കോൺഗ്രസ് കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വാർഷിക റിപ്പോർട്ട് പ്രകാരം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി 2023-2024-ൽ 619.67 കോടി രൂപ ചെലവാക്കിയിരുന്നത് 2024-2025-ൽ 896.22 കോടി രൂപയായി ഉയർന്നു.

Also Read: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

വരുമാനം വർധിക്കുന്നു

ബിജെപിയുടെ ആകെ വരുമാനം 2023-2024-ലെ 4,340.47 കോടി രൂപയിൽ നിന്ന് 2024-2025-ൽ 6,769.14 കോടി രൂപയായി വളർന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാർട്ടിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും സന്നദ്ധ സംഭാവനകളിലൂടെയാണ് (6,124.85 കോടി രൂപ) ലഭിച്ചത്. ബാക്കി തുക ഫീസുകൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ, ബാങ്ക് പലിശ, മറ്റ് സ്രോതസ്സുകൾ എന്നിവയിൽ നിന്നാണ്.

ഇലക്ടറൽ ബോണ്ട് സ്‌കീം സുപ്രീം കോടതി റദ്ദാക്കിയ ശേഷമുള്ള ആദ്യ വർഷമായിരുന്നു 2024-2025 എങ്കിലും, ബിജെപിയിലേക്കുള്ള സംഭാവനകൾ മുൻവർഷത്തെ 3,967.14 കോടി രൂപയിൽ നിന്ന് 54 ശതമാനം വർധിച്ചു. ഡിസംബറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ബിജെപിയുടെ കോൺട്രിബ്യൂഷൻ റിപ്പോർട്ട് പ്രകാരം, 2024-2025-ൽ പാർട്ടിക്ക് ലഭിച്ച ആകെ സംഭാവനകളുടെ 61 ശതമാനവും ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്നാണ്.

2025 മാർച്ച് 31-ന് അവസാനിച്ച കണക്കുകൾ പ്രകാരം 12,164.14 കോടി രൂപയുടെ ക്ലോസിങ് ബാലൻസോടെയാണ് പാർട്ടി ആ വർഷം പൂർത്തിയാക്കിയത്. മുൻവർഷം 7,113.90 കോടി രൂപയായിരുന്ന കൈവശമുള്ള പണവും നിക്ഷേപങ്ങളും വർഷാവസാനമായപ്പോഴേക്കും 9,996.12 കോടി രൂപയായി ഉയർന്നുവെന്നും റിപ്പോർട്ട് കാണിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ അനുസരിച്ച്, എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളും 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും ഉൾക്കൊള്ളുന്ന കോൺട്രിബ്യൂഷൻ റിപ്പോർട്ടുകളും സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ടുകൾ പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തും.

Read More: കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; തിരച്ചിൽ ശക്തമാക്കി

Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: