റായ് ബറേലി: ആഡംബര നദീ ക്രൂയിസായ എംവി ഗംഗാ വിലാസിനെക്കുറിച്ച് ബി ജെ പി സര്‍ക്കാര്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 17 വര്‍ഷമായി ഇത്തരമൊരു സേവനം നിലവിലുണ്ടെന്ന് തനിക്കു വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത ക്രൂയിസില്‍ ഒരു ബാറുണ്ടെന്നു താന്‍ കേട്ടിട്ടുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.
”ഈ വാട്ടര്‍ ക്രൂയിസ് നിരവധി വര്‍ഷങ്ങളായി സര്‍വിസ് നടത്തുന്നു. ഇത് പുതിയതല്ല, 17 വര്‍ഷമായി ഓടുന്നുണ്ടെന്ന് ആരോ എന്നെ അറിയിച്ചു. അതില്‍ ചില ഭാഗങ്ങള്‍ മാത്രം ചേര്‍ത്ത്, അവര്‍ ആരംഭിച്ചതായി പറയുകയാണ്,” അഖിലേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”നുണകള്‍ പറയുന്നതില്‍ ബി ജെ പിക്കാര്‍ വളരെ മുന്നിലാണ്. ക്രൂയിസില്‍ ബാറുമുണ്ടെന്നും കേട്ടിട്ടുണ്ട്. ബാര്‍ ഉണ്ടോ ഇല്ലയോയെന്നു ബി ജെ പിക്കാര്‍ക്കു മാത്രമേ പറയാന്‍ കഴിയൂ,”അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂയിസാണ് എംവി ഗംഗാ വിലാസ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 51 ദിവസത്തിനുള്ളില്‍ 3,200 കിലോമീറ്ററാണ് ക്രൂയിസ് സഞ്ചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിവെള്ളിയാഴ്ചയാണു ഗംഗാ വിലാസ് ഫ്ളാഗ് ഓഫ് ചെയ്തത്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ക്രൂയിസ് കപ്പലാണ് എംവി ഗംഗാ വിലാസ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് യാത്ര ആരംഭിച്ച ക്രൂയിസ് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലാണ് എത്തുക.
മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളുമായി 36 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളുന്ന എല്ലാ ആഡംബര സൗകര്യങ്ങളുള്ളതാണ് എംവി ഗംഗാ വിലാസെന്നാണ് കമ്പനി അറിയിച്ചത്.
കപ്പലില്‍ നോണ്‍ വെജ് ക്ഷണവും മദ്യവും നല്‍കില്ലെന്ന് എംവി ഗംഗാ വിലാസ് പ്രവര്‍ത്തിപ്പിക്കുന്ന അന്താര ലക്ഷ്വറി റിവര്‍ ക്രൂയിസിന്റെ സ്ഥാപകനും സിഇഒയുമായ രാജ് സിങ് പറഞ്ഞു.