ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ​ ആൾക്കൂട്ട ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതങ്ങളും വർധിക്കുകയാണെന്നും ഇത് ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുമിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ആൾക്കൂട്ട ആക്രമണത്തിന് വിധേയരായ ഇരകൾക്ക് പിന്തുണയേകാൻ കോൺഗ്രസ്സുകാർ എത്തണമെന്ന് എഐസിസി പട്ടികജാതി വിഭാഗത്തിന് എഴുതിയ കത്തിൽ​ രാഹുൽ ഗാന്ധി എഴുതി. ആക്രമണത്തിന് ഇരകളായവരെ പരസ്യമായി പന്തുണയ്ക്കണം.

നിലവിലെ സ്ഥിതി “ഭയത്തിന്റെ അന്തരീക്ഷ”വും നിയമരാഹിത്യവും വ്യാപിപ്പിക്കുക മാത്രമല്ല, ശക്തിപ്രാപിക്കുകയും ചെയ്യുന്നു. ബിജെപിയുടെ വിവിധ മന്ത്രിമാരുടെയും നേതാക്കന്മാരുടെയും വിദ്വേഷ പ്രസംഗങ്ങൾ അണികളെ ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വയ്ക്കാൻ പ്രചോദിപ്പിക്കുന്നു. ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പ് നൽകി പ്രാദേശിക ഗുണ്ടകളെ അവർ പ്രചോദിപ്പിക്കുന്നുവെന്ന് രാഹുൽ ആരോപിച്ചു.

നരേന്ദ്ര മോദി സർക്കാർ പ്രചരിപ്പിക്കുന്ന അക്രമങ്ങളെയും വിദ്വേഷത്തെയും രാജ്യം അംഗീകരിക്കില്ല. ഞങ്ങൾ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെ നിലപാടെടുക്കുമെന്നും ജീവിതകാലം മുഴുവൻ ആ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും 2019ലെ തിരഞ്ഞെടുപ്പിൽ അവരെ പരാജയപ്പെടുത്തുമെന്നും രാഹുൽ ജൂലൈ 27 ന് അയച്ച കത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook