ബെംഗളൂരു: കര്‍ണാടകത്തില്‍ ഇനിയൊരു രാഷ്ട്രീയ നാടകം ഈ അടുത്തൊന്നും ഉണ്ടാകില്ല. 15 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് ആശ്വസിക്കാം. നിയമസഭയില്‍ ഭൂരിപക്ഷം സ്വന്തമാക്കാന്‍ ഉപതിരഞ്ഞെടുപ്പിലൂടെ ബിജെപി സര്‍ക്കാരിന് സാധിച്ചു.

ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ 12 എണ്ണത്തിലും ബിജെപി വിജയം ഉറപ്പിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇതോടെ ബിജെപിക്ക് സാധിക്കും. ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് വിജയിക്കണമായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുള്ള മുന്നേറ്റമാണ് ബിജെപി നടത്തിയത്. ഡിസംബര്‍ അഞ്ചിനാണ് 15 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ സാധിച്ചത്. ഹുനാസുരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം 40,000 ത്തോളം വോട്ടുകള്‍ക്കാണ്.

Read Also: മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഇതോടെ, നിയമസഭയിൽ ബിജെപിക്ക് 12 സീറ്റുകള്‍ വര്‍ധിക്കും. അതേസമയം, കോണ്‍ഗ്രസിനും ജെഡിഎസിനും തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒരു സീറ്റില്‍ പോലും ജെഡിഎസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനും കഴിഞ്ഞില്ല. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. ബിജെപി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തിരിച്ചുപിടിച്ചു. വിധാൻ സൗദയിൽ ബിജെപിയുടെ ഭൂരിപക്ഷം 117 ആയി ഉയർന്നു. കോൺഗ്രസിന് 68 സീറ്റും ജെഡിഎസിന് 34 സീറ്റുമാണ് നിയമസഭയിൽ ഉള്ളത്. കോൺഗ്രസും ജെഡിഎസും ഒന്നിച്ച് നിന്നാലും ബിജെപിയുടെ ശക്തിയെ മറികടക്കാൻ സാധിക്കില്ല.

Read Also: മമ്മൂക്ക, നിങ്ങൾ നല്ലൊരു മനുഷ്യനാണ്; വേദിയിൽ കരച്ചിലടക്കാനാവാതെ പ്രാചി

കർണാടകയിൽ മികച്ച വിജയം നേടിയ ബിജെപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കർണാടകയിലെ ജനങ്ങൾ സ്ഥിരതയുള്ള സർക്കാരിനെ തിരഞ്ഞെടുത്തിരിക്കുകയാണെന്നും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനേറ്റ തിരിച്ചടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ജനവിധി അട്ടിമറിക്കാനാണ് ശ്രമം നടത്തിയതെന്നും മോദി ജാർഖണ്ഡിൽ പറഞ്ഞു.

യെഡിയൂരപ്പ സർക്കാരിനെ അധികാരത്തിലേറ്റാൻ കോൺഗ്രസ്- ദൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കൂറുമാറിയതിന് അയോഗ്യരായ 17 എംഎൽഎമാരിൽ 15 പേരുടെ മണ്ഡലങ്ങളിലാണ് ജനവിധിയെഴുതിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook